Asianet News MalayalamAsianet News Malayalam

'നടന്നത് പൊലീസ് നരനായാട്ട്', ജാമിയ വിദ്യാർത്ഥികൾ പറയുന്നു, പൊലീസിനെതിരെ ആഞ്ഞടിച്ച് വിസി

ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ നടന്ന സമരം വൈകിട്ടോടെയാണ് അക്രമാസക്തമായത്. പൊലീസ് ക്യാമ്പസിനകത്തേക്ക് കടന്നതോടെ കല്ലേറുണ്ടായി. ഇതിന് പകരമായി കണ്ണീർ വാതകം പ്രയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. 

jamia milia students repsonse over police action in citizenship amendement act
Author
Jamia Millia Islamia, First Published Dec 15, 2019, 11:07 PM IST

ദില്ലി: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പൊലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തെന്നും വിദ്യാർത്ഥികൾ പറയുന്നു. അക്രമം ഉണ്ടായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്നും പുറത്ത് നിന്നെത്തിയവരും പൊലീസുമാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സർവകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് വൈസ് ചാൻസലർ നജ്മ അക്തറും ചീഫ് പ്രോക്ടർ വസിം ഖാനും രംഗത്തെത്തി.

സ്ഥലത്ത് ഉണ്ടായിരുന്ന മലയാളി വിദ്യാർത്ഥികളടക്കമുള്ളവരോട് ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചു. അവരുടെ വാക്കുകളിലേക്ക്..

''വൈകിട്ട് ഇവിടെ വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വിദ്യാർത്ഥികൾക്ക് ഒപ്പം പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തി. വലിയ രീതിയിൽ കണ്ണീർ വാതകവും പ്രയോഗിച്ചു. ഇവിടെ കൂടിയിരുന്നവരെല്ലാം പല വഴിക്ക് ചിതറിയോടി. പക്ഷേ പൊലീസ് ക്യാമ്പസിനകത്ത് അടക്കം കയറി, ലൈബ്രറിക്ക് അടക്കം അകത്ത് കയറി പ്രതിഷേധിക്കുന്ന സ്ഥിതിയാണുള്ളത്'', എന്ന് ഒരു വിദ്യാർത്ഥി.

''ഇവിടെ അഞ്ചോ ആറോ മണിയോടെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ക്യാമ്പസിനകത്ത് ഞങ്ങൾ. പെട്ടെന്ന് ദൂരെ ടിയർ ഗ്യാസ് പൊട്ടുന്ന ശബ്ദം കേട്ടു. വലിയ തീയും പുകയും കണ്ടു. പിന്നാലെ പൊലീസ് ക്യാമ്പസിനകത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ക്യാമ്പസിനകത്തുള്ളവരും പുറത്തുള്ളവരും അകത്തേക്ക് ഓടിക്കയറി. പൊലീസ് വന്ന് എല്ലാവരെയും വലിച്ചുവാരി അടിക്കുകയായിരുന്നു. ഞങ്ങൾ ക്യാമ്പസിനകത്ത് നിന്ന് ഓടി ലൈബ്രറിക്ക് അകത്തേക്ക് കയറി. ലൈബ്രറിയുടെ അകത്തും പൊലീസ് അടിച്ച് നിരത്തി. ആൺകുട്ടികളെയും പെൺകുട്ടികളെയും അടിച്ചത് പുരുഷ പൊലീസാണ്. ഒരു ലേഡി പൊലീസ് പോലുമുണ്ടായിരുന്നില്ല. ലൈബ്രറിയുടെ ഉള്ളിലെ അവസ്ഥ, അകത്തേക്ക് ടിയർ ഗ്യാസ് അവര് എറിഞ്ഞു. ഈ പുക കാരണം ശ്വാസം പോലും കിട്ടാതെ ഞങ്ങൾ പാടുപെട്ടു. ലൈറ്റ് ഓഫ് ചെയ്തു. പുറത്തേക്ക് പോകാനും പറ്റിയില്ല. എല്ലാവരും കണ്ണ് നീറി വെള്ളം വന്ന് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് പൊലീസ് അകത്തേക്ക് കയറി വന്ന് എല്ലാവരെയും അടിക്കുന്നത്. നിർദ്ദയം, മൃഗീയമായി പൊലീസ് വിദ്യാർത്ഥികളെ ആക്രമിച്ചു'', എന്ന് മറ്റൊരു വിദ്യാർത്ഥി. 

അതേ സമയം, പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്. അക്രമത്തിന് പിന്നിൽ വിദ്യാർത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല പ്രതികരിച്ചു. പൊലീസ് ക്യാംപസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന്  സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമദ് ഖാൻ പറഞ്ഞു. പൊലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചെന്നും ചീഫ് പ്രോക്ടർ പറഞ്ഞു. പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ച ലൈബ്രറി ചീഫ് പ്രോക്ടർ സന്ദർശിച്ചു. ലൈബ്രറിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെയെല്ലാം പുറത്തെത്തിച്ചെന്നും പൊലീസ് നടപടി അപലപനീയമെന്നും വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു.

അതേസമയം, പൊലീസ് നടപടിയിൽ വിദ്യാർത്ഥികൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. അത്തരം വിവരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ല എന്നും സർവകലാശാല വൃത്തങ്ങൾ അറിയിക്കുന്നു. ആകെ സംഘർഷത്തിൽ 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. 11 പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്. 

അതേസമയം, ഒരു സംഘം അക്രമികളെത്തി ബസ്സ് ആക്രമിക്കുകയായിരുന്നെന്ന് ജാമിയക്ക് സമീപം കത്തിച്ച ബസ്സുകളിലൊന്നിന്‍റെ ഡ്രൈവർ പറഞ്ഞു. ബസ്സിൽ നിറയെ ആളുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലേറുണ്ടായി. പിന്നീട് പതിനഞ്ചോളം പേരടങ്ങുന്ന സംഘം എത്തി ആളുകളെ ഇറക്കി വിട്ട് ബസ്സ് കത്തിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു. 

ദില്ലിയിലാകെ 11 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഐടിഒ, ഐഐടി, ജിടിബി നഗർ, ശിവജി സ്റ്റേഡിയം, വസന്ത് വിഹാർ, മുനിർക്ക, ആർ കെ പുരം, സുഖ്ദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‍ല വിഹാർ, ജസോള ഷഹീൻ ബാഘ് എന്നീ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇവിടങ്ങളിലൊന്നും മെട്രോ ട്രെയിനുകൾ നിർത്താതെ പോകുമെന്നും എൻട്രി - എക്സിറ്റ് ഗേറ്റുകൾ അടച്ചിടുമെന്നും ഡിഎംആർസി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios