ദില്ലി: പൗരത്വ ഭേദഗതിക്കെതിരായ ജാമിയ സർവ്വകലാശാല വിദ്യാർത്ഥികളുടെ സമരം പതിനാറാം ദിവസത്തിലേക്ക്. സർവ്വകലാശാലയുടെ ഏഴാം ഗേറ്റിന് മുന്നിൽ ഇന്ന് വിദ്യാർത്ഥികൾ സമരം തുടരും. പൗരത്വ ഭേദഗതിക്കെതിരെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും. ഇന്നലെ കൂടിയ സമരസമിതി യോഗത്തിൽ ദില്ലിയിലെ ഉത്തർപ്രദേശ് ഭവൻ ഉപരോധിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാർത്ഥികൾ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു. 

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാനായി പുതിയ സംഘടന രൂപീകരിച്ചു. നാഷണൽ യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിന്‍ എന്നാണ്  സംഘടനയുടെ പേര്. രാജ്യത്തെ അറുപതിലേറെ വിദ്യാർതഥി സംഘടനകളുടെ കൂട്ടായ്മയാണ് യങ്ങ് ഇന്ത്യ കോ‍ർഡിനേഷൻ.