Asianet News MalayalamAsianet News Malayalam

ജാമിയ വെടിവെപ്പ്: അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാല അധ്യാപക അസോസിയേഷന്‍

രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ദില്ലിയിലെ പ്രചാരണ യോഗത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. . രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു

jamia millia teachers association against anurag thakur
Author
Delhi, First Published Jan 31, 2020, 7:49 PM IST

ദില്ലി: ജാമിയ മിലിയയിൽ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം നടത്തിയ പ്രതിഷേധക്കാരുടെ നേർക്ക് അക്രമി വെടിയുതിർത്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാലയിലെ അധ്യാപക അസോസിയേഷന്‍. പ്രതിഷേധക്കാരുടെ നേര്‍ക്ക് അക്രമം അഴിച്ച് വിടണമെന്ന് സൂചിപ്പിക്കുന്ന കേന്ദ്ര മന്ത്രിയുടെ പ്രസംഗത്തിന്‍റെ ബാക്കിപത്രമാണ് വെടിവെപ്പെന്ന്  അസോസിയേഷന്‍ ആരോപിച്ചു.

നേരത്തെ, രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ദില്ലിയിലെ പ്രചാരണ യോഗത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. . രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു.

പൗരന്മാരോട് ഒരു മന്ത്രി തന്നെ അക്രമിക്കാന്‍ പറയുന്നതിന്‍റെ അത്രയും ദേശവിരുദ്ധമായ കാര്യം വേറൊന്നുമില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ഇന്നലെയാണ് പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പുണ്ടായത്.

വെടിവെപ്പില്‍ ജാമിയ മിലിയ സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. നേരത്തെ, അനുരാഗ് താക്കൂറിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന് വേണ്ടിയിരുന്നത് ഇതാണോയെന്നാണ് കോണ്‍ഗ്രസ് ചോദിച്ചത്. ഏത് തരത്തിലുള്ള പൊലീസ് സംവിധാനമാണ് അമിത് ഷാ മുന്നോട്ട് കൊണ്ട് പോകുന്നത്? സമാധാനപരാമയി സമരം ചെയ്യുന്നവര്‍ക്കെതിരെ ഒരാള്‍ വെടിയുതിര്‍ക്കുമ്പോള്‍ ദില്ലി പൊലീസ് അലസമായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios