ദില്ലി: പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തയാള്‍ തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ ലൈവ് നല്‍കിയിരുന്നു. പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാന്‍ തയ്യാറായാണ് ഇയാള്‍ എത്തിയതെന്ന് വ്യക്തമാക്കുന്നതാണ് നിമിഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ നല്‍കിയ ലൈവ്.

പ്രതിഷേധകര്‍ക്ക് നേരെ കറുത്ത ജാക്കറ്റ് ധരിച്ച് തോക്കുമായി നടന്നടുത്തത് രാംഭക്ത് ഗോപാല്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം' എന്ന് അലറിക്കൊണ്ടായിരുന്നു അയാള്‍ അവര്‍ക്കുനേരെ അടുത്തത്. 

പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് നടപടിയെന്ന് വ്യക്തമാകുന്നു. ''എന്‍റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക'' എന്ന് അയാള്‍ പറയുന്നു. 'ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു' എന്നും മറ്റൊരു പോസ്റ്റില്‍ ഭീഷണിമുഴക്കുന്നുമുണ്ട്.

രാംഭക്തിന്‍റെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്‍ത്തകരും പൊലീസും നേക്കി നില്‍ക്കെയായിരുന്നു വെടിവയ് പ്പ്. കയ്യില്‍ ചോരയൊലിച്ച് നിന്ന ഷദാബിനെ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ എത്തിച്ചു. 

ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണ് 19 കാരനായ രാംഭക്ത് ഗോപാല്‍. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡ‍ിയിലാണ്. അതേസമയം തോക്കുമായി പാഞ്ഞടുത്ത രാംഭക്ത് ഗോപാലിനെ തടയാന്‍ പൊലീസ് യാതൊന്നും ചെയ്തില്ലെന്ന് ജാമിയയിലെ വിദ്യാര്‍ത്ഥിയായ ആംന ആസിഫ് എന്‍ഡിടിവിയോട് പറഞ്ഞു.