ദില്ലി: പൗരത്വ നിയമ ഭേദതഗതിക്കെതിരെയുള്ള ജാമിയാ സർവകലശാല വിദ്യാർത്ഥികളുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്ന് മണ്ഡി ഹൗസിൽ നിന്ന് ജന്തർമന്തറിലേക്ക് മാർച്ച് നടത്തും. 

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അനുമതി നിഷേധിച്ചതോടെയാണ് വിദ്യാർത്ഥികൾ ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. നാലായിരത്തിലേറെ വിദ്യാർത്ഥികൾ മാർച്ചിൽ പങ്കെടുക്കുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. 

കൂടാതെ ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഭീം ആർമിയും ഇന്ന് ദില്ലിയിൽ മാർച്ച് നടത്തും. പ്രതിഷേധം സമാധാനപരമായി നടത്തുമെന്നാണ് പ്രഖ്യാപനം. മാർച്ച് കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ ദില്ലിയിൽ വിന്യസിക്കാനാണ് തീരുമാനം.

ഇതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസില്‍ പ്രതിഷേധിച്ച ജർമ്മൻ സ്വദേശിയായ വിദ്യാർത്ഥിയോട് രാജ്യം വിട്ട് പോകണമെന്ന് എമിഗ്രേഷൻ വകുപ്പ് ആവശ്യപ്പെട്ടു. വിസ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടി കാട്ടിയാണ് നടപടി. ഉടൻ രാജ്യം വിടണമെന്ന നിർദേശത്തെ തുടർന്ന് ജർമ്മനിയിലേക്ക് തിരിച്ചതായി ഐഐടി വിദ്യാർത്ഥി കൂടിയായ ജേക്കബ് ലിൻഡൻതാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: പൗരത്വ ഭേദഗതിക്കെതിരെ മദ്രാസില്‍ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിയെ 'നാടുകടത്തി'യെന്ന് പരാതി