Asianet News MalayalamAsianet News Malayalam

ജമ്മുവിലേത് രാജ്യത്തെ ആദ്യ ഡ്രോൺ ആക്രമണമോ? പ്രതിരോധ സേനകൾക്ക് പുതിയ വെല്ലുവിളി

സ്ഫോടനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ഡ്രോണ്‍ വഴിയാണ് സ്ഫോടനം നടത്തിയതെന്നത് ഗൗരവതരമായാണ് സേനയും പോലീസും കാണുന്നത്.

Jammu airport witnessed first drone attack in india
Author
Jammu Airport, First Published Jun 27, 2021, 2:46 PM IST
  • Facebook
  • Twitter
  • Whatsapp

ജമ്മു: ജമ്മുവിമാനത്താവളത്തിലെ വ്യോമസേന മേഖലയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ എൻഐഎയും രഹസ്യാന്വേഷണ ഏജൻസികളും ജമ്മു പൊലീസും അന്വേഷണം തുടരുന്നു. സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റെന്നാണ് അധികൃതർ അറിയിച്ചത്. വ്യോമസേനയുടെ ഒരു കെട്ടിടം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് സംശയിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചെങ്കിലും സ‍ർക്കാർ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചട്ടില്ല എൻഐഎ സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. സ്ഫോടനത്തിന് പിന്നാലെ നടത്തിയ തെരച്ചിലിനിടെ നർവാളിൽ നിന്നും രണ്ട് പേരെ പിടികൂടിയിരുന്നു. ഇതിലൊരാളിൽ നിന്ന് സ്ഫോടകവസ്തുകൾ കണ്ടെടുത്തതായി വിവരമുണ്ട്.

 പുലർച്ചെ 1.35-നാണ് ജമ്മു വിമാനത്താവളത്തിൽ ആദ്യ സ്ഫോടനമുണ്ടായത്. അപ്രതീക്ഷിതമായ സ്ഫോടനത്തിൽ വിമാനത്താവളവും പരിസര പ്രദേശങ്ങളും വിറച്ചു.അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാമത്തെ സ്ഫോടനവും ഉണ്ടായി. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്ഫോടകവസ്തു വന്നു വീണത്. സ്ഫോട‌നത്തിൽ കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു. മറ്റൊരു സ്ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. 

രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് സ്ഫോടനത്തിൽ നിസാര പരിക്കേറ്റു. സ്ഫോടനത്തിൽ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാർ പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു. ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്നാണ് ആദ്യഘട്ടത്തിലെ നിഗമനം. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോൺ കണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 

ഇതുവരെയുള്ള സൂചനകൾ പ്രകാരം രാജ്യത്ത് നടക്കുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണ് ജമ്മു വിമാനത്താവളത്തിലേത്. ആയുധക്കടത്തിനായി ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍പ് പലതവണ കണ്ടെത്തിയിരുന്നു. പഞ്ചാബ് അതിര്‍ത്തിയിലടക്കം അതിർത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ട്രോണുകള്‍ ഇതിനോടകം സുരക്ഷസേന വെടിവെച്ചിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. 

സ്ഫോടനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ഡ്രോണ്‍ വഴിയാണ് സ്ഫോടനം നടത്തിയതെന്നത് ഗൗരവതരമായാണ് സേനയും പോലീസും കാണുന്നത്. 2019 ആഗസ്റ്റില്‍ പഞ്ചാബിലെ അമൃത്സറില്‍ ഹെക്സാകോപ്ടര്‍ ഡ്രോണ്‍ തകര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത മാസം തരന്‍ താരനില്‍  പിടിയിലായ ഭീകരരില്‍ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചു. 

തോക്കുകളും ഗ്രനേഡുകളും വയര്‍ലെസും, പണവും ഡ്രോണുകളിലൂടെ കടത്തിയെന്നതായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം കത്വയില്‍  ബിഎസ്ഫ്  ഒരു ഡ്രോണ്‍ വെടിവെച്ചിട്ടു. 2020 സെപ്റ്റംബറില്‍ തന്നെ ജമ്മുവില്‍ ഡ്രോണ്‍ വഴി ആയുധം കടത്തിയ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. അഖ്നൂറില്‍ വച്ച് ഡ്രോണുകളിലൂടെ കടത്തിയ ആയുധങ്ങള്‍ കണ്ടെടുത്തു.  

പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതും വളരെ വേഗത്തില്‍  ആയുധങ്ങള്‍ കടത്താമെന്നതുമാണ് ഭീകരര്‍ ഡ്രോണുകളെ കാര്യമായി ഉപയോഗിക്കാൻ കാരണം. ഇപ്പോഴത്തെ ആക്രമണത്തില്‍ രണ്ട് ഡ്രോണുകള്‍  ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം എംഐ17 ഹെലികോപ്ടര്‍, സേന വിമാനങ്ങൾ എന്നിവ ഉണ്ടായിരുന്ന ഹാങ്ങറിനടുത്താണ് ഡ്രോണ്‍ എത്തിയത് എന്നതും ഗൗരവം വ‍ർധിപ്പിക്കുന്നുണ്ട്.  ചൈനീസ് നിർമ്മിത ഡ്രോൺ പാകിസ്ഥാൻ ഉപയോഗിച്ചേക്കും എന്ന സൂചന നേരത്തെ രഹസ്യാനേവഷണ ഏജനസികൾക്ക് കിട്ടിയിരുന്നു. ക്വാഡ് കോപ്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയും  അതിര്‍ത്തികളിൽ ഇപ്പോൾ നിരീക്ഷണം നടത്തുന്നുണ്ട്. 

എൻഎസ്ജിയുടെ ബോംബ് സ്ക്വാഡ് വിമാനത്താവളത്തിലെത്തി വിശദമായ പരിശോധന നടത്തി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ എൻഐഎ സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിൽ പാക് കേന്ദ്രീകൃത ഭീകരസംഘടനകൾക്ക് പങ്കുണ്ടാവാനുള്ള സാധ്യത സർക്കാർ തള്ളുന്നില്ല. ജമ്മു പോലീസ് യുഎപിഎ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.  രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായാണ് സൂചന. 

ലഡാക്ക് സന്ദർശനത്തിന് പുറപ്പെട്ട പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് യാത്ര തുടങ്ങും മുൻപ് വ്യോമസേന ഉപമേധാവി എയർ മാർഷൽ എച്ച് എസ് അറോറയുമായി സംസാരിച്ചു. പശ്ചിമ വ്യോമ കമാൻഡ് മേധാവി എയർമാർഷൽ വിക്രം സിംഗ് ജമ്മുവിൽ എത്തി സ്ഥിതി നേരിട്ട് വിലയിരുത്തുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ പഠാൻകോട്ടിലും ശ്രീനഗറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്ഥിരീകരിച്ചാൽ ഡ്രോൺ ഉപയോഗിച്ച് സേന താവളത്തിൽ നടത്തുന്ന ആദ്യ സ്ഫോടനമാകും ഇത്. ഇന്ത്യയുടെ തന്ത്രപ്രധാന വിമാനത്താവളത്തിലെ വ്യോമസേന മേഖലയിലെ ഈ സ്ഫോടനം സുരക്ഷ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ പാർട്ടികളെ വിളിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഈ സംഭവം എന്നതും സ്ഥിതി ​ഗുരുതരമാക്കുന്നു. 

Follow Us:
Download App:
  • android
  • ios