ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മരിച്ചു. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ഇന്നലെ വൈകിട്ടാണ് ഹന്ദ്വാരയിലെ ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന സൂചന സൈനത്തിന് ലഭിച്ചത്. ഇതേ തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികളെ ഒഴുപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. 

വീരമൃത്യു വരിച്ച  21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.