Asianet News MalayalamAsianet News Malayalam

ജമ്മു ഇരട്ടസ്ഫോടനം; കൂടുതൽ കർശനമായ നടപടികൾക്ക് സാധ്യത

ഇത്തരം വ്യോമാക്രമണങ്ങൾക്കെതിരെ നമ്മൾ എന്ത് മുൻകരുതൽ സ്വീകരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. 

Jammu dual drone attack on air force base offensive options considered
Author
Jammu, First Published Jun 28, 2021, 11:45 AM IST
  • Facebook
  • Twitter
  • Whatsapp

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതിയ ലേഖനം

നമ്മുടെ പാക് അതിർത്തിയിലെ സൈനികകേന്ദ്രങ്ങൾക്ക് നേരെ ചെറിയ ഡ്രോണുകൾ വഴി സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാവുമെന്ന് പ്രവചിക്കാൻ കേവലം സാമാന്യയുക്തി തന്നെ ധാരാളമാണ്.  ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ വ്യോമസേനാ ആസ്ഥാനത്തിനുനേരെ ഞായറാഴ്ച പുലർച്ചെ  ഡ്രോൺ സഹായത്തോടെയുള്ള ഒരു ഐ.ഇ.ഡി ആക്രമണം നടന്നു. അപകടത്തിൽ ആർക്കും ജീവനാശമുണ്ടായില്ല എങ്കിലും, ഇങ്ങനെ ഒരാക്രമണം മുന്നോട്ടുവെക്കുന്ന ആശങ്കകൾ ചില്ലറയല്ല. 

ഏതാനും വർഷങ്ങളായി, ഹൈബ്രിഡ് യുദ്ധമുറകളുടെ സമസ്ത സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത വലുപ്പത്തിലുള്ള ക്വാഡ് കോപ്റ്ററുകൾ അഥവാ റോട്ടറി വിംഗ് ഡ്രോണുകൾ നിയന്ത്രണ രേഖ അതിലംഘിച്ചുകൊണ്ട് പാകിസ്ഥാനിൽ  നിന്നും പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ നിന്നും പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും ഒക്കെ നടന്നതായി നമ്മൾ അറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ മണ്ണിലേക്കുള്ള നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിന്, ഇന്ത്യൻ സൈന്യം വിന്യസിക്കപ്പെട്ട പോയിന്റുകൾ മാപ്പുചെയ്യാനും അവയുടെ ഫോട്ടോ എടുക്കാനും മറ്റുമായി ഈ രീതി കഴിഞ്ഞ കുറേ വര്ഷങ്ങളായി പാക്കിസ്ഥാൻ അവലംബിച്ചു പോരുന്നത് തന്നെയാണ്.  കഴിഞ്ഞ അഞ്ചുവർഷത്തിൽ ഏറെക്കാലമായി അതിർത്തി കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇന്ത്യൻ സൈന്യത്തിന്റെ നുഴഞ്ഞു കയറ്റ വിരുദ്ധ പ്രവർത്തനങ്ങൾ ഏറെ ശക്തമാണ്. അതുകൊണ്ട് ഇന്ത്യൻ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് വേണ്ട തോക്കുകളും ബോംബുകളും മറ്റും എത്തിക്കാനുള്ള ലോജിസ്റ്റിക്സ് ശൃംഖലയ്ക്ക് വേണ്ടത്ര ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടാൻ ഈ തീവ്രവാദ സംഘങ്ങൾ നിർബന്ധിതമായത്. അതുകൊണ്ട് നിലവിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി എന്നൊന്നും പറയാൻ സാധിക്കില്ല എങ്കിലും, ഈ ചാനലിലൂടെ സമീപഭാവിയിൽ തന്നെ സ്‌ഫോടകവസ്തുക്കളും അതിർത്തി കടന്നെത്തും എന്ന് സുരക്ഷാ ഏജൻസികൾ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. 

അധികം  വലിപ്പമില്ലാത്ത ഡ്രോണുകളുടെ സഹായത്തോടെ സ്ഫോടകവസ്തുക്കൾ ഒരു നിശ്ചിത ദൂരം വരെ എത്തിക്കാനല്ല ശേഷി ആർജ്ജിക്കുക എന്നതാണ് തീവ്രവാദികളുടെ സ്വപ്നം. കൂടുതൽ  വലിപ്പമുള്ള, കൂടുതൽ ആഘാതങ്ങൾ ഏൽപ്പിക്കാൻ ശേഷിയുള്ള ഡ്രോണുകളും അവർക്ക് കിട്ടിയാൽ കൊള്ളാം എന്നുണ്ടെങ്കിലും, ഒരു തുടക്കം എന്ന നിലയിൽ ഏറ്റവും ചുരുങ്ങിയത് ഇതെങ്കിലും സാധിക്കാം എന്നാണ് അവർ കരുതുന്നത്. ഇതുകൊണ്ട് എത്ര നാശമുണ്ടാവുന്നുണ്ട് എന്നതല്ല കാര്യം. ഇങ്ങനെ ഒന്ന് ചെയ്യാൻ  തീവ്രവാദികൾക്ക് കഴിയും എന്ന് വരുമ്പോൾ അതുനൽകുന്ന ഒരു സന്ദേശമുണ്ട്, അത് സുരക്ഷാസേനയെ അന്ധാളിപ്പിലാഴ്ത്താൻ പോന്നതാണ്. അങ്ങനെ വരുമ്പോൾ, വളരെയധികം സാധ്യതകളെ മുൻ‌കൂർ കണ്ടുകൊണ്ട് അവയെ എല്ലാം പ്രതിരോധിക്കാൻ പോന്ന പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കാൻ സൈന്യം നിർബന്ധിതമാകും.  വളരെ കുറഞ്ഞ നേരത്തേക്ക് മാത്രമേ ഈ ചെറു ഡ്രോണുകൾ ആകാശത്ത് ഉണ്ടാകാറുള്ളൂ എന്നതുകൊണ്ടുതന്നെ അവയെ ട്രാക്ക് ചെയ്തു കണ്ടെത്തി നിർവീര്യമാക്കുക ഏറെക്കുറെ അസാധ്യം തന്നെയാണ്.  അതിർത്തിക്കപ്പുറത്ത് വളരെ കുറഞ്ഞ് ദൂരത്തുനിന്ന് വിക്ഷേപിക്കപ്പെട്ടാൽ, ഈ കുറഞ്ഞ വായുസഞ്ചാര പാതയും, ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ അവയ്ക്ക് വേണ്ട ഹ്രസ്വ സമയവും, രാത്രികാലങ്ങളിൽ വിശേഷിച്ചും അവയെ സമയത്ത് വെടിവെച്ചിടുക ദുഷ്കരമാക്കുന്നു. 

ഇന്നലെ ജമ്മുവിൽ ഉപയോഗിച്ച ഡ്രോണും മറ്റും വളരെ പ്രാകൃതമായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ളതാവാം.  പക്ഷെ അത്തരത്തിലുള്ള അക്രമണങ്ങളെപ്പോലും പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരും സംവിധാനങ്ങളും രാപകൽ കണ്ണും തുറന്നുവെച്ച് നിരീക്ഷണം നടത്തേണ്ട ഗതികെണ്ടുണ്ടാവും. ഇവരുടെ ഈ ഡ്രോണുകൾ പലതും ജി‌പി‌എസ് വഴി നിയന്ത്രിക്കാനും നിരീക്ഷണത്തിനുവേണ്ടി പ്രയോജനപ്പെടുത്താനും കഴിയും എന്നതുകൊണ്ട്, നമ്മുടെ നിർണായകമായ പല സൈനിക രാഷ്ട്രീയ സ്ഥാനങ്ങളും വേണമെങ്കിൽ നാളെ ഉപഗ്രഹസഹായത്തോടെ നിരീക്ഷിച്ച്, വേണമെങ്കിൽ അവയെ ലക്ഷ്യമിട്ട് ഒരു ആക്രമണം പ്ലാൻ ചെയ്യാനുള്ള അവരുടെ ശേഷിയെ, അതിന്റെ കൃത്യതയെ ഒന്നും കുറച്ചു കാണാൻ പാടില്ല. വടക്കൻ പഞ്ചാബിലെയും ജമ്മുവിലെയും അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ  ഐ.ബിക്ക് സമീപം ഇത്തരം നിർണായകമായ ഇൻസ്റ്റലേഷനുകൾ നിരവധിയുണ്ട്. രാത്രിയുടെ മറവിൽ തീവ്രവാദികൾ ഒറ്റയ്‌ക്കൊറ്റയ്ക്ക് അതിർത്തി വഴി നുഴഞ്ഞു കയറി എത്തി ആക്രമണങ്ങൾ നടത്തുമ്പോൾ കിട്ടുന്ന അതേ മേൽക്കൈ വേണമെങ്കിൽ, ഈ ഡ്രോണുകൾ ഉപയോഗിച്ചും നേടാനാവും.

അതിർത്തിയിൽ ഒന്നിലധികം സ്ഥലത്ത് ഇങ്ങനെ ഡ്രോണുകൾ വഴി സ്ഫോടനം നടത്തുക, അവിടങ്ങളിലേക്ക് നമ്മുടെ ലഭ്യമായ സൈനിക ശേഷി മുഴുവൻ നിയുക്തമായ നേരം നോക്കി, മറ്റേതെങ്കിലും വഴിക്ക് തീവ്രവാദികൾ നുഴഞ്ഞു കയറി ആക്രമണം നടത്തുക എന്ന വളരെ സങ്കീർണമായ ഒരു ആക്രമണ പദ്ധതിയുടെ ഭാഗമായി ഈ ഡ്രോണുകൾ നാളെ പ്രയോജനപ്പെടുത്തപ്പെടാനുള്ള സാധ്യത അവഗണിക്കാനാവില്ല.  2019 സെപ്റ്റംബർ 14 ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലെ അറാംകോ എണ്ണ ശുദ്ധീകരണശാലയിൽ യെമന്റെ ഹൂതി വിമതർ ആക്രമണം നടത്തിയത് ഓർമിക്കാം. റിഫൈനറിയുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ അവർ ആറ് ബോംബ് നിറച്ച ഡ്രോണുകളും 11 മിസൈലുകളും ഉപയോഗിച്ചു. ജമ്മു അല്ലെങ്കിൽ പത്താൻ‌കോട്ടിലെ ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷനുകളും, 10-20 കിലോമീറ്ററിൽ പരിധിയിൽ നിൽക്കുന്ന വാർത്താവിനിമയ കേന്ദ്രങ്ങളും ഒക്കെ വളരെ കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളോടെ പുലരുന്ന നമ്മുടെ അതിർത്തിയിലും സമാനമായ ഒരു ആക്രമണം സംഘടിപ്പിക്കാൻ തീവ്രവാദികൾക്ക് അനായാസം സാധിച്ചേക്കും. ഇപ്പോൾ നടന്ന സംഭവത്തിൽ രണ്ട് ഡ്രോണുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എങ്കിലും കടലുപോലെ ഡ്രോണുകൾ വിട്ടുള്ള ആക്രമണങ്ങളും ഭാവനയ്ക്ക് പുറത്തുള്ള ഒന്നല്ല. ഒരു തരത്തിൽ നോക്കുമ്പോൾ നിരവധി ഡ്രോണുകൾ ഒരുമിച്ചു വിട്ടുകൊണ്ടുള്ള ആക്രമണത്തിന് മറ്റൊരു ഗുണമുണ്ട്, ചിലതൊക്കെ വെടിവെച്ചു വീഴ്ത്തപ്പെട്ടാലും ഏതെങ്കിലുമൊക്കെ ലക്ഷ്യസ്ഥാനത്ത് എത്തി പൊട്ടിത്തെറിച്ച് ഉദ്ദേശിച്ച കാര്യം ഫലപ്രാപ്തിയിൽ എത്തിക്കും. 

ഇങ്ങനെ ഒരു സാധ്യതയ്‌ക്കെതിരെ നമ്മൾ എന്ത് മുൻകരുതൽ സ്വീകരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. പാസീവ് ഡിഫൻസ് എന്ന നയം കൊണ്ട് ദോഷമൊന്നുമില്ല, പക്ഷേ, മികച്ചതാണ്, അതോടപ്പം എയർ സെൻട്രികളിലൂടെയും വെർച്വൽ എയർ ഡിഫൻസ് റോളിൽ ആക്രമണം നടത്താൻ പരിശീലനം ലഭിച്ച ക്വിക്ക് റെസ്പോൺസ് ടീമുകളിലൂടെയും (ക്യുആർടി) തത്സമയ പ്രതിരോധത്തിനുള്ള ശേഷികൂടി നാം ആർജ്ജിക്കേണ്ടതുണ്ട്. തീവ്രവാദികൾക്ക് വേണ്ട സഹായങ്ങളൊക്കെയും പാകിസ്ഥാൻ ചെയ്യുന്നുണ്ട് എന്ന് സങ്കല്പിച്ചുകൊണ്ടു മാത്രമേ നമുക്ക് സുരക്ഷ ഉറപ്പാക്കി മുന്നോട്ടു പോകാൻ  സാധിക്കുകയുള്ളൂ.  പാകിസ്ഥാന്റെ വഞ്ചനാപരമായ സഹകരണം സ്വാംശീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രം ഉപഭൂഖണ്ഡത്തിലെ ഹൈബ്രിഡ് യുദ്ധങ്ങൾ നടത്തേണ്ടതില്ല.  വളരെ ഉയർന്ന സാങ്കേതികവിദ്യ ആവശ്യമില്ലാത്ത റോട്ടറി അല്ലെങ്കിൽ ഫിക്സഡ് വിംഗ് ഡ്രോണുകൾ പ്രയോജനപ്പെടുത്താൻ തീവ്രവാദികൾക്ക് എളുപ്പം കഴിയും. നമ്മുടെ പ്രതിരോധ സംവിധാനങ്ങൾക്ക് അലോസരമുണ്ടാക്കാനും, ഈ ആക്രമണങ്ങൾ ഫലിച്ചാൽ നമ്മുടെ രാജ്യത്തെ തന്നെ  നാണക്കേടിന്റെ നിഴലിൽ നിർത്താനും  അവർക്ക് സാധിക്കും. നിയന്ത്രണ രേഖയ്ക്ക് ഉള്ളിൽ നിന്നോ അതിന്റെ പുറത്തുനിന്നു ഒക്കെ ഡ്രോണുകൾ പ്രയോജനപ്പെടുത്തി നമ്മുടെ നിർണായകമായ ഇൻസ്റ്റലേഷനുകൾ ലക്ഷ്യമിട്ട് വൻതോതിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ നമ്മൾ ഏത് നിമിഷവും പ്രതീക്ഷിച്ചു തന്നെ ഇരിക്കണം. അതിനെ പ്രതിരോധിക്കാൻ വേണ്ടത് യഥാസമയം ചെയ്യുകയും വേണം. 

(ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് news18.com -ലാണ്.)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios