Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിൽ സർവ്വകക്ഷിയോഗം നാളെ, പ്രതിപക്ഷ നിരയിൽ ഭിന്നത, 'പ്രത്യേക പദവി'യിൽ ഇടഞ്ഞ് കോൺഗ്രസ്

കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. സമവായത്തിന് ഗുലാംനബി ആസാദിൻറെ സഹായം കേന്ദ്രം തേടുമെന്ന സൂചനയും പുറത്തു വന്നു.

jammu kashmir all party meet tomorrow
Author
Delhi, First Published Jun 23, 2021, 5:33 PM IST

ദില്ലി: ജമ്മുകശ്മീരിലെ സാഹചര്യം ചർച്ച ചെയ്യാൻ നാളെ സർവ്വകക്ഷി യോഗം ചേരാനിരിക്കെ പ്രതിപക്ഷ നിരയിൽ ഭിന്നത. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. സമവായത്തിന് ഗുലാംനബി ആസാദിൻറെ സഹായം കേന്ദ്രം തേടുമെന്ന സൂചനയും പുറത്തു വന്നു.

ജമ്മുകശ്മീരിലെ സാഹചര്യം ചർച്ച ചെയ്യാനുള്ള സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ കശ്മീർ താഴ്വരയിലെ പാർട്ടികൾ ഇന്നലെ തീരുമാനിച്ചിരുന്നു. ആറു പാർട്ടികളുടെ ഗുപ്കർ സഖ്യം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണം എന്ന ആവശ്യം മുന്നോട്ടു വയ്ക്കാനാണ് തീരുമാനിച്ചത്. ഒപ്പം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാർക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണം എന്ന നിർദ്ദേശവും ഉയർത്തും. എന്നാൽ ഈ ആവശ്യങ്ങൾ ഏറ്റെടുക്കില്ല എന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. 

ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകണം എന്ന് ആവശ്യപ്പെടാൻ മൻമോഹൻ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് യോഗം തീരുമാനിച്ചു. എന്നാൽ 370 ആം വകുപ്പ് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാൽ ബിജെപി അത് ആയുധമാക്കിയേക്കും എന്നാണ് യോഗത്തിലുയർന്ന വികാരം. പ്രതിപക്ഷ നിരയിലെ ഈ വ്യത്യസ്ത നിലപാട് കേന്ദ്രസർക്കാരിന് ആയുധമാകും. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പിരിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി പുകഴ്ത്തി സംസാരിച്ചിരുന്നു. ഗുലാംനബി ആസാദിന്റെ സഹായം കശ്മീരിൽ സമവായത്തിന് കേന്ദ്രം തേടിയേക്കും. 

രാജ്യസഭ അംഗത്വം ഒഴിഞ്ഞെങ്കിലും ദില്ലിയിലെ വീട്ടിൽ തുടരാൻ സർക്കാർ ഗുലാംനബി ആസാദിനെ അനുവദിച്ചിരിക്കുകയാണ്. സർവ്വകക്ഷി യോഗത്തിന് മുമ്പ് ഇന്ത്യ -പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾക്കിടയിലെ ചർച്ച നടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടായെന്ന സൂചന ഇതുവരെയില്ല. 

Follow Us:
Download App:
  • android
  • ios