ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബാരാമുളളയിൽ സൈന്യം വധിച്ച രണ്ട് ഭീകരരിൽ ഒരാൾ ലഷ്കർ കമാൻഡർ സജാദ് ആണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ഭീകരരാണ് സുരക്ഷാസംഘത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഒരാൾക്കു വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. 

രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയിൽ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകര‍ർ വെടിവച്ചത്. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. പതിനഞ്ച് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കൊപ്പം  ജമ്മുകശ്മീർ പൊലീസിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസർ മുസഫർ അഹമ്മദും വീരമൃത്യു വരിച്ചിരുന്നു.

ജമ്മു കശ്മീരിൽ ഒരാഴ്ച്ചയ്ക്കിടെ സുരക്ഷാ സേനയ്ക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഓ​ഗസ്റ്റ് 14, 12 തീയതികളിലും സമാന രീതിയിലുള്ള ആക്രമണങ്ങളുണ്ടായിരുന്നു. 

Read Also: കരിപ്പൂര്‍ അപകടം; വിമാനം ഇറങ്ങിയത് 1000 മീറ്റർ റൺവേ പിന്നിട്ടെന്ന് വ്യോമയാന മന്ത്രാലയം...