Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ അപകടം; വിമാനം ഇറങ്ങിയത് 1000 മീറ്റർ റൺവേ പിന്നിട്ടെന്ന് വ്യോമയാന മന്ത്രാലയം

പൈലറ്റുമാരുടെ കത്തിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് കെ സി വേണുഗോപാൽ എംപി പാർലമെന്‍ററി സമിതിയിൽ പരാമർശിച്ചു. 

Ministry of civil aviation on Karipur plane crash
Author
Delhi, First Published Aug 17, 2020, 4:56 PM IST

ദില്ലി: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം. ദില്ലിയിൽ നടന്ന പാർലമെന്‍ററി സമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ സാഹചര്യത്തെക്കുറിച്ച് വിശദ റിപ്പോർട്ട് സമിതി ആവശ്യപ്പെട്ടു.

കരിപ്പൂരിലെ വിമാന അപകടം പാർലമെന്‍റിന്‍റെ ട്രാൻസ്പോർട്ട് സ്ഥിരം സമിതിയിലാണ് എംപിമാർ ഉന്നയിച്ചത്. കെ സി വേണുഗോപാൽ, കെ മുരളീധരൻ, ആന്‍റോ ആന്‍റണി എന്നിവരാണ് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്. വ്യോമയാന സെക്രട്ടറി, സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ, എയർ ഇന്ത്യ ചെയർമാൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇക്കാര്യം ഉയർന്നത്. 

2680 മീറ്റർ നീളമുള്ള റൺവേയിൽ ആയിരം മീറ്റർ പിന്നിട്ടാണ് വിമാനം ഇറങ്ങിയതെന്ന് മന്ത്രാലയം അറിയിച്ചു. വിമാനം ഇറങ്ങുന്നതിന് എടിസി അനുമതി ഉണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു കാര്യങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകു. വലിയ വിമാനങ്ങൾ ഇറങ്ങുന്നത് എന്തു കൊണ്ട് ഇപ്പോൾ വിലക്കിയെന്ന് എംപിമാർ ചോദിച്ചു. 

സുരക്ഷിതമല്ലെങ്കിൽ എങ്ങനെ ഇതുവരെ സർവ്വീസ് നടത്തി. അപകടത്തിന് ഇര ആയവർക്കുള്ള ധനസഹായം ഉയർത്തണമെന്നും ആവശ്യമുയർന്നു. പൈലറ്റുമാരെ താൻ അപമാനിച്ചിട്ടില്ലെന്ന് ഡിജിസിഎ അരുൺ കുമാർ കെസി വേണുഗോപാലിന്‍റെ ചോദ്യത്തോട് പ്രതികരിച്ചു. കരിപ്പൂരിലെ സൗകര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് അടുത്ത യോഗത്തിന് മുമ്പ് മന്ത്രാലയം സമിതിക്ക് നല്‍കാനാണ് ധാരണ.

Follow Us:
Download App:
  • android
  • ios