ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോൺ വഴിയുള്ള ആയുധ കടത്ത്. ജമ്മു കശ്മീരിലെ അഖ്നുറ് അതിർത്തിയിലാണ് ഡ്രോൺ വഴിയുള്ള ആയുധക്കടത്ത് സൈന്യം പിടികൂടിയത്. എകെ 47 ഉൾപ്പടെ ഉള്ള ആയുധങ്ങൾ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ ജൂണിന് ശേഷം ഇത് അഞ്ചാം തവണയാണ് പാക്ക് അതിർത്തി കടന്ന് ഡ്രോൺ വഴി എത്തിയ ആയുധം പിടികൂടുന്നത്.

കഴിഞ്ഞ ദിവസം രജൗരിയിൽ ഡ്രോൺ ഉപയോഗിച്ച് ആയുധവും പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ലക്ഷകർ ഭീകരരെ സൈന്യം പിടികൂടിയിരുന്നു. അർനീയ്ക്ക് സമീപം ഇന്ത്യാ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയായ വഴി ലഹരി വസ്തുക്കളും ആയുധങ്ങളും കടത്താനുള്ള ശ്രമവും അതിർത്തി രക്ഷാ സേന തകർത്തിരുന്നു. ഭീകരർ കടത്താൻ ശ്രമിച്ച് 58 പായ്ക്കറ്റുകൾ വരുന്ന ലഹരിവസ്തുക്കൾ ഉൾപ്പെടെ സേന പിടികൂടിയത്. 28 പായ്ക്കറ്റ് ലഹരിവസ്തുക്കൾ, നാല് തോക്കുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ആരെങ്കിലും പിടിയിലായൊന്ന് എന്ന കാര്യം സേന ഇതുവരെ പുറത്തുവിട്ടില്ല.  

ഡ്രോൺ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും ജമ്മു കശ്മീർ ഡിജിപി ദിൽ ബാഗ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജമ്മു കശ്‍മീരിൽ ഭീകരവാദത്തിനു ഫണ്ട്‌ കണ്ടെത്താൻ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മയക്കു മരുന്ന് കടത്തുകാരെ പൊലീസ് കർശനമായി നേരിടും. നുഴഞ്ഞു കയറ്റക്കാർക്കും പാക് സഹായം ലഭിക്കുന്നുണ്ടെന്നും ഡിജിപി ദിൽ ബാഗ് സിങ് അറിയിച്ചു.