Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം, കുൽഗാമിൽ രണ്ട് ബീഹാർ സ്വദേശികൾ കൊല്ലപ്പെട്ടു

24 മണിക്കൂറിനിടെ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇത്.

jammu kashmir terrorist attack two non local labours  bihar natives killed in kulgam
Author
Delhi, First Published Oct 17, 2021, 8:29 PM IST

ദില്ലി: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ രണ്ട് ബീഹാർ സ്വദേശികൾ കൊല്ലപ്പെട്ടു. രാജ ഋഷി ദേവ്, ജോഗീന്ദർ ഋഷി ദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചുൻഞ്ചുൻ ഋഷി ദേവ് എന്ന മറ്റൊരു ബീഹാർ സ്വദേശിക്കും ആക്രമണത്തിൽ പരിക്കേറ്റു. 24 മണിക്കൂറിനിടെ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്നത്തേത്. ഭീകരാക്രമണങ്ങളുടെ പശ്ചാ ത്തലത്തിൽ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കശ്മീർ ഐ ജിപി അടിയന്തര നിർദ്ദേശം നൽകി. 

ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ പ്രതികരിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ നാളെ രഹസ്യാന്വേഷണ വിഭാഗം യോഗം ചേരും. സാധാരണക്കാർക്ക് നേരെ ഇന്നലെ ആക്രമണം നടന്ന ശ്രീനഗറിലും പുൽവാമയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ക്രൂരമായ ആക്രമണത്തെ നാഷണൽ കോൺഫറൻസ് അപലപിച്ചു. നിരപരാധികള്‍ക്ക് നേരെ നടക്കുന്ന ഭീകരാക്രമണം ദൗര്‍ഭാഗ്യകരമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞു.  കശ്മീരികളെ മോശമായി ചിത്രികരിക്കാനുള്ള ഗൂഢാലോചനയാണ് പിന്നിലെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു

ഭീകരർക്കായി തെരച്ചില്‍  നടക്കുന്ന ജമ്മുകശ്മീരിലെ പൂഞ്ചില്‍ മൂന്ന് പേരെ ചോദ്യം ചെയ്തു. ഭാട്ട ദുരിയാൻ വനമേഖലയില്‍ താമസിക്കുന്ന മൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഭീഷണിക്ക് വഴങ്ങിയോ അല്ലാതെയോ ഭീകരർക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കിയോ എന്ന് ചോദ്യം ചെയ്യലില്‍ പൊലീസ് ആരാഞ്ഞു.  ജമ്മു എഡിജിപി മുകേഷ് സിങ് തെരച്ചില്‍ നടക്കുന്ന പൂഞ്ച് മേഖലയില്‍ സന്ദര്‍ശനം നടത്തി. 

Follow Us:
Download App:
  • android
  • ios