ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വാഷിംഗ്ടണ്‍: ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക പെടുമെന്ന് റിപ്പോര്‍ട്ട്. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കന്‍ ശേഷിയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

'ഓപ്പറേഷന്‍ എപിക് ഫ്യൂരി' എന്ന് പേരിട്ട ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രം, ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളാണ് യു.എസ് സൈന്യത്തിന് ഉപയോഗിക്കേണ്ടി വന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലോടെ കഴിഞ്ഞ ഏപ്രിലില്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും യു.എസിന്റെ പക്കലുണ്ടായിരുന്ന മിസൈലുകളില്‍ ഏറെയും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. താഡ് (THAAD) ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പകുതിയും യുഎസ് പ്രയോഗിച്ചുകഴിഞ്ഞു. , പേട്രിയറ്റ് എയര്‍ ഡിഫന്‍സ് മിസൈലുകളുടെ പകുതിയോളവും, ടോമാഹോക്ക് ലാന്‍ഡ് അറ്റാക്ക് മിസൈലുകളുടെ 30 ശതമാനവും അമേരിക്ക ഉപയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍, പ്രതിമാസം 15 ടോമാഹോക്ക് മിസൈലുകളും 20 പേട്രിയറ്റ് മിസൈലുകളുമാണ് അമേരിക്ക പുതിയതായി നിര്‍മ്മിക്കുന്നത്. യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് ആയുധശേഖരം എത്തിക്കാന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് തിങ്ക് ടാങ്കായ സി.എസ്.ഐ.എസ് വ്യക്തമാക്കുന്നത്. മറ്റ് ചില പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, യുഎസ് ആയുധശേഖരം പഴയപടി എത്തിക്കാന്‍അഞ്ച് വര്‍ഷം വരെ സമയമെടുക്കും.

മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള ഭരണപരമായ നൂലാമാലകള്‍ ഒഴിവാക്കാന്‍ ട്രംപ് പ്രതിരോധ ഉല്‍പ്പാദന നിയമം (Defense Production Act) നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാവാന്‍ സമയമെടുക്കും. ജര്‍മ്മനിക്കും ഉക്രൈനും പേട്രിയറ്റ് മിസൈലുകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആ ഫാക്ടറികള്‍ സജ്ജമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും.

ഇറാനുമായുള്ള യുദ്ധം നീണ്ടുപോവുകയും മിസൈല്‍ ശേഖരം ഇനിയും കുറയുകയും ചെയ്താല്‍, ഇന്‍ഡോ-പസഫിക് മേഖലയില്‍ യുഎസിന് അത് ക്ഷീണമാവും. അങ്ങനെ വന്നാല്‍, ചൈനയില്‍ നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ അമേരിക്കയ്ക്ക് സാധിക്കാതെ വരുമെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. വടക്കന്‍ കൊറിയയുമായി യുദ്ധമുണ്ടായാലും പ്രതിരോധിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് വന്‍തോതില്‍ മിസൈലുകള്‍ ആവശ്യമായി വരും.

എന്നാല്‍ അമേരിക്കന്‍ സൈന്യം ലോകത്തെ ഏറ്റവും ശക്തമാണെന്നും പ്രസിഡന്റ് ആവശ്യപ്പെടുന്ന ഏത് സമയത്തും എവിടെയും പോരാടാന്‍ സൈന്യം സജ്ജമാണെന്നും പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ അറിയിച്ചു. ആയുധക്ഷാമം അമേരിക്കയുടെ ശേഷിയെ ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധനായ മൈക്കല്‍ ഒഹാന്‍ലോണ്‍ അഭിപ്രായപ്പെടുന്നത്.