ദില്ലി: കൊവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ കരുതല്‍ നടപടിയുമായി റെയില്‍വേ. ആളുകള്‍ കൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നതിനുമായി രാജ്യത്താകമാനം ട്രെയിനുകള്‍ റദ്ദാക്കും. 709 ട്രെയിനുകളാണ് റദ്ദാക്കുന്നത്. റീഫണ്ട് നിയമങ്ങളില്‍ ഇളവ് വരുത്താനും തീരുമാനിച്ചു. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം മുഴുവന്‍ പണവും നല്‍കാനും റെയില്‍വേ തീരുമാനിച്ചു.

ട്രെയിന്‍ റദ്ദാക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന് യാത്ര റദ്ദാക്കണമെങ്കില്‍ ടിക്കറ്റ് ഡെപോസിറ്റ് റെസീപ്റ്റ് 30 ദിവസനത്തിനകം ഹാജരാക്കിയാല്‍ മതി. നേരത്തെ ഇത് മൂന്ന് ദിവസമായിരുന്നു. റെസീപ്റ്റ് ഹാജരാക്കിയാല്‍ 60 ദിവസത്തിനകം പണം ലഭിക്കും. 139 നമ്പര്‍ മുഖേനയാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ 30 ദിവസത്തിനകം റീഫണ്ട് ലഭിക്കും.

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനം ഏറ്റെടുത്താണ് ഞായറാഴ്ച 709 ട്രെയിനുകള്‍ റദ്ദാക്കുന്നതും. 584 ട്രെയിനുകള്‍ പൂര്‍ണമായും 125 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കുന്നത്. പല സംസ്ഥാനങ്ങളിലും യാത്രക്കാരുടെ കുറവ് കാരണം നേരത്തെ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. 3700 യാത്രക്കാര്‍ക്ക് മേലെയുള്ള ദീര്‍ഘദൂര മെയില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ ദീര്‍ഘദൂര ട്രെയിനുകളില്‍ ഒറ്റ ബുക്കിംഗ് പോലും ഉണ്ടായിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

ശനിയാഴ്ച പുറപ്പെട്ട ട്രെയിനുകള്‍ ഞായറാഴ്ച റദ്ദാക്കില്ലെന്നും കൃത്യസ്ഥലത്തെത്തിക്കുമെന്നും റെയില്‍വേ അറിയിച്ചു. ട്രെയിനുകളില്‍ ഇതുവരെ 12 കൊവിഡ് 19 ബാധിതര്‍ യാത്ര ചെയ്‌തെന്ന് റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 13നും 16നും ഇടക്കാണ് കൊവിഡ് 19 ബാധിതര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തത്. കൊവിഡ് 19 ബാധ പടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ റെയില്‍വേ ആളുകളോട് നിര്‍ദേശിച്ചു. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് 19 ബാധയുണ്ടെങ്കില്‍ നിങ്ങള്‍ക്കും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പരമാവധി ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്നും റെയില്‍വേ അറിയിച്ചു.