ദില്ലി: വിമാനത്താവളങ്ങൾ നടത്തിപ്പിനായി അദാനി ​ഗ്രൂപ്പിന് നൽകിയതിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ജയറാം രമേഷിന്റെ ട്വീറ്റ്. 'ആദ്യം അഹമ്മദാബാദ്, ലഖ്നൗ, മം​ഗ്ലൂർ എന്നീ വിമാനത്താവളങ്ങൾ വിറ്റുപോയി. ഇപ്പോൾ ജയ്പൂർ,  ​ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളുടെ ഊഴമാണ്. ആറ് വിമാനത്താവളങ്ങളും ഒരു സ്വകാര്യ കമ്പനിക്കാണ് വിറ്റത്. അങ്ങനെ നോക്കുമ്പോൾ എഎഐ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെന്നല്ല, അദാനി എയർപോർട്ട്സ് ഓഫ് ഇന്ത്യ എന്നാണ് നല്ല അർത്ഥം.' ജയറാം രമേഷ് ട്വീറ്റ് ചെയ്തു. 

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മം​ഗലാപുരം എന്നീ വിമാനത്താവളങ്ങൾ നേരത്തെ അദാനി ​ഗ്രൂപ്പിന് നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം അമ്പത് വർഷത്തെ നടത്തിപ്പിനാണ് അദാനിക്ക് നൽകിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവ ഇനി മുതൽ അദാനി ​ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂർ, ​ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളും സ്വകാര്യകമ്പനികൾക്ക് വിട്ടു കൊടുത്തു. 

അതേ സമയം തലസ്ഥാനത്തെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നൽകിയതിൽ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി എതിർപ്പ് അറിയിച്ചിരുന്നു. വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണ നീക്കത്തോട് സംസ്ഥാനസർക്കാർ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് സർക്കാർ പിന്തുണയും നൽകില്ല. കേന്ദ്രമന്ത്രിസഭയുടെ തീരുമാനം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യം പോലും കണക്കിലെടുക്കാതെയാണ്. ഇത് പുനഃപരിശോധിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.