കുറച്ചുകാലമായി പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജീവ് രഞ്ജൻ സിംഗിന്റെ പ്രതികരണം.
ദില്ലി: രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് തിരികെയെത്തുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിതീഷ് കുമാറിന്റെ ജെഡിയു. അതെല്ലാം അയാളുടെ ബിസിനസ് മാർക്കറ്റിംഗിന്റെ ഭാഗമാണ് എന്നാണ് ജെഡിയു നേതാവ് രാജീവ് രഞ്ജൻ സിംഗ് പ്രതികരിച്ചത്. കുറച്ചുകാലമായി പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജീവ് രഞ്ജൻ സിംഗിന്റെ പ്രതികരണം.
അയാൾ മാധ്യമങ്ങൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കുകയാണ്. ഇതൊക്കെ ബിജെപിക്ക് ബിഹാറിൽ ചുവടുറപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ്. പൊതുജന സ്വീകാര്യത ആ പാർട്ടിക്ക് കിട്ടാത്തതുകൊണ്ട് ഇങ്ങനെയൊക്കെ വേണ്ടിവരുമല്ലോ. രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. കഴിഞ്ഞ മാസം ബിജെപി ബന്ധം നിതീഷ് കുമാറും ജെഡിയുവും അവസാനിപ്പിച്ചിരുന്നു. തുടർന്ന് വിശാല പ്രതിപക്ഷസഖ്യത്തിനു വേണ്ടി പ്രവർത്തനങ്ങളും തുടങ്ങി. ഇതൊടെയാണ് പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് തിരികെയെത്തുനെന്ന് ബിഹാറിലും ദില്ലിയിലും അഭ്യൂഹങ്ങൾ പരന്നത്. 2020ൽ പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ നിന്ന് പുറത്താക്കിയതാണ്.
പുതിയ രാഷ്ട്രീയസാഹചര്യം ഉരുത്തിരിഞ്ഞതോടെ നിതീഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രശാന്ത് കിഷോറാണെന്ന് രാജീവ് രഞ്ജൻ സിംഗ് പറയുന്നു." പാർട്ടി പ്രസിഡന്റിനോട് സംസാരിക്കാൻ നിതീഷ് ജി പറഞ്ഞു. അങ്ങനെയാണ് പ്രശാന്ത് കിഷോർ എന്നെ കാണാൻ ദില്ലിക്ക് വന്നത്. ഇതൊക്കെ അയാൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കാച്ചിക്കൂട്ടുന്നതാണ്, അച്ചടക്കത്തോടെ നിൽക്കാനാവുമെങ്കിൽ പാർട്ടിയിലേക്ക് തിരികെയെടുക്കാമെന്ന് ഞാൻ പറഞ്ഞു. അതിനു ശേഷമാണ് നിതീഷ് ജിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. പക്ഷേ, അപ്പോഴേക്കും അയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു മുഖ്യമന്ത്രിയെ കാണുന്നില്ലെന്ന്". രഞ്ജൻ സിംഗ് പറയുന്നു.
"ദിവസങ്ങൾക്ക് ശേഷം മുൻ ജെഡിയു നേതാവ് പവൻ വെർമ്മ നിതീഷ് കുമാറിനെ കാണുകയും പ്രശാന്ത് കിഷോറിന് അദ്ദേഹത്തെ കാണാൻ താല്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് അവർ കണ്ടത്. പക്ഷേ, അയാൾക്ക് ആര് എന്ത് വാഗ്ദാനം ചെയ്തെന്നാണ് പറയുന്നത്? അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യമെന്താണ്?" രഞ്ജൻ സിംഗ് കൂട്ടിച്ചേർത്തു.
പ്രത്യേകിച്ച് എന്തിനെയെങ്കിലും കുറച്ച് തങ്ങൾ സംസാരിച്ചില്ലെന്നും വെറുമൊരു കൂടിക്കാഴ്ചയാണ് നടന്നതെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ പാർട്ടി വാഗ്ദാനം നയപരമായ കാര്യങ്ങളാൽ താൻ നിരസിച്ചു എന്നൊക്കെയാണ് പ്രശാന്ത് കിഷോർ പിന്നീട് പറഞ്ഞത്. നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിലുള്ള സർക്കാർ അടുത്ത രണ്ട് വര്ഷത്തിനകം 5-10 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ തന്റെ ജൻ സൂര്യഅഭ്യാൻ പദ്ധതി പിൻവലിച്ച് അവരെ പിന്തുണയ്ക്കാമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.
