പാറ്റ്ന: ചിരാഗ് പാസ്വാനുമായി കേന്ദ്രത്തിലെ സഖ്യവും ബിജെപി അവസാനിപ്പിക്കണമെന്ന നിലപാടുമായി ജെഡിയു. എല്‍ജെപി സഖ്യകക്ഷിയല്ലെന്ന് ബിജെപി വ്യക്തമാക്കിയതിനാല്‍ ഇനി സഖ്യവുമായി മുന്‍പോട്ട് പോകാനുള്ള ധാര്‍മ്മികത ചിരാഗ് പാസ്വാനില്ലെന്ന് ജെഡിയു വക്താവ് അരവിന്ദ് നിഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രചാരണരംഗത്ത് നിതീഷ് കുമാര്‍ കിതക്കാന്‍ തുടങ്ങിയതോടെയാണ് ജെഡിയു നിലപാട് കടുപ്പിക്കുന്നത്. 

ഒരു വശത്ത് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. മറുഭാഗത്ത് പ്രതിപക്ഷത്തെ കടത്തിവെട്ടി ചിരാഗ് പാസ്വാന്‍. ചില മണ്ഡലങ്ങളില്‍ എല്‍ജെപിയെ പരസ്യമായി പിന്തുണച്ച് ബിജെപി പ്രവര്‍ത്തകര്‍. നിതീഷ് കുമാറിനെതിരെ റാലികളില്‍ പ്രതിഷേധം ഉയരുന്നതും ജെഡിയുവിന് ക്ഷീണമാകുന്നുണ്ട്. ബിജെപിയുടെ മൗനമാണ് ചിരാഗിന് വളമായതെന്ന വിലയിരുത്തല്‍ ജെഡിയുവിനുണ്ട്. ഈ ഘട്ടത്തിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കും വിധം സകല ബന്ധവും അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്‍പോട്ട് വയ്ക്കുന്നത്. ബിഹാറില്‍ മാത്രം തള്ളിപറഞ്ഞാല്‍ പോരെന്നാണ് ജെഡിയുവിന്‍റെ നിലപാട്.

ബിഹാറിലെ റാലിയില്‍ പ്രധാനമന്ത്രി പരസ്യമായി ചിരാഗിനെ തള്ളി പറയുമെന്ന് ജെഡിയു കരുതിയെങ്കിലും അതുണ്ടായില്ല. ജെപി നദ്ദയടക്കമുള്ള മുന്‍ നിര നേതാക്കള്‍ ബിഹാറില്‍ തങ്ങി പ്രചാരണം നടത്തുമ്പോഴും ചിരാഗിനെതിരെ വലിയ കടന്നാക്രമണം നടത്തുന്നില്ല. നിതീഷ് കുമാറിനെതിരെ കടുത്ത വാക്കുകള്‍ പ്രയോഗിക്കുമ്പോഴും കേന്ദ്രത്തിലെ സഖ്യം ചൂണ്ടിക്കാട്ടി ബിജെപിയോട് മൃദു സമീപനമാണ് ചിരാഗും സ്വീകരിക്കുന്നത്. രാംവിലാസ് വിലാസ് പാസ്വാന്‍റെ മരണത്തോടെ ഒഴിവു വന്ന കേന്ദ്രമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളുടെ കൂടി പശ്ചാത്തലത്തിലാണ് ചിരാഗിന്‍റെ വഴിയടക്കാനുള്ള ജെഡിയുവിന്‍റെ നീക്കം.