പാറ്റ്ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ വിചിത്ര പ്രതികരണവുമായി ജെഡിയു (ജനതാ ദൾ യുണൈറ്റഡ്) എംപി ദിനേഷ് ചന്ദ്ര യാദവ്. ചൂട് കൂടിയത് കാരണമാണ് കുട്ടികൾ മരിച്ചതെന്നും മഴ പെയ്താൽ എല്ലാം പ്രശ്നങ്ങളും അവസാനിക്കുമെന്നും ചന്ദ്ര യാദവ് പറഞ്ഞു.

'നിര്‍ഭാഗ്യകരമായ സംഭവമാണ് മുസഫർപൂരിൽ നടന്നത്. മുമ്പും വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് ഇത്തരത്തില്‍ അസുഖങ്ങള്‍ പിടിപെടുകയും മരണം സംഭവിക്കുകയും ചെയ്യാറുണ്ട്. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാർ നടപടികൾ സ്വീകരിക്കാറുമുണ്ട്. മഴ വരട്ടെ, എല്ലാം ശരിയാവും'- ചന്ദ്ര യാദവ് പറഞ്ഞു. ദാരിദ്രവും ചൂടുമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് നേരത്തെ ബിജെപി എംപിയായ അജയ് നിഷാദ് പറഞ്ഞത്.

മസ്തിഷ്കജ്വരം ബാധിച്ച് ഇതുവരെ നൂറിലേറെ കുട്ടികളാണ് ബീഹാറിൽ മരണപ്പെട്ടത്. വിവിധ ആശുപത്രികളിലായി നിരവധി കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. അതിനിടെ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കുട്ടികളുടെ ബന്ധുക്കള്‍ പ്രതിഷേധം ഉയര്‍ത്തി രം​ഗത്തെത്തിയിരുന്നു.