മഹാമാരി സമയത്ത് ജെഇഇ നീറ്റ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. മാസ്കും കയ്യുറയും ധരിച്ച് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിച്ചവരെ വെല്ലുവിളിച്ച് പ്രതികരിച്ചിരിക്കുകയാണ് ജെഇഇ നീറ്റ് പരീക്ഷാര്‍ഥിയായ പെണ്‍കുട്ടി. മാസ്കും കയ്യുറയും അണിഞ്ഞ് പരീക്ഷ എഴുതുന്നതിലെ ബുദ്ധിമുട്ടും ഉദ്യോഗാര്‍ഥി വിശദമാക്കുന്നു. പേപ്പറില്‍ കയ്യുറ ധരിച്ച് പരീക്ഷ എഴുതാന്‍ വളരെ അധികം ബുദ്ധിമുട്ടാണ് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. 

ഈ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ ആവശ്യപ്പെടുന്ന മാനവ വിഭവശേഷി മന്ത്രാലയത്തിലെ മന്ത്രിമാരോട് തുടര്‍ച്ചയായി ഇരുപത് നിമിഷം ഇത്തരം കയ്യുറ ധരിച്ച് എഴുതി നോക്കാന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തി ഏറെ പ്രതീക്ഷയോടെയാണ് പരീക്ഷയെ വിദ്യാര്‍ഥികള്‍ സമീപിക്കുന്നത്. ലോക്ക്ഡൌണും മഹാമാരിയിലും നിരവധി ആളുകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇത്തരക്കാരുടെ മക്കള്‍ക്ക് പരീക്ഷാ ഹാളുകളിലെത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ല. വല്ല വിധേനെയും ഹാളിലെത്തിയാല്‍ മാസ്കും കയ്യുറയുമണിഞ്ഞ് പരീക്ഷ എഴുതണം. 

ഒഎംആര്‍ രീതിയിലുള്ള പരീക്ഷ ആണെങ്കിലും അതിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണക്കുകൂട്ടിയെടുക്കണം. അത് അനുവദിച്ച സമയത്തിനുള്ളില്‍ ചെയ്യാന്‍ കയ്യുറ തടസമാണ്. മാസ്കും കയ്യുറയും സ്ഥിരമായി ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേപ്പോലെ അല്ല ഇത്തരമൊരു സാഹചര്യത്തില്‍ പരീക്ഷ എഴുതേണ്ടി വരുന്നവരെന്നും പരീക്ഷാര്‍ഥി പറയുന്നു. ജെഇഇ അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങളില്‍ മാസ്കും കയ്യുറയും നിര്‍ബന്ധമാണ്. പ്രവേശന പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ പിന്തുണച്ച സുപ്രീം കോടതി തീരുമാനത്തിനെതിരെ ആറ് സംസ്ഥാനങ്ങളാണ് റിവ്യു പെറ്റീഷന്‍ നല്‍കിയിട്ടുള്ളത്.