കൊൽക്കത്ത:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അവസാന വീഡിയോ കോൺഫറൻസിൽ താൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും മമത ട്വീറ്റുകളിൽ വ്യക്തമാക്കി. സെപ്റ്റംബറിലാണ് ഈ രണ്ട് പരീക്ഷകളും തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത വിലയിരുത്തി സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ പരീക്ഷ മാറ്റി വെക്കണമെന്നാണ് മമത ബാനർജിയുടെ അഭ്യർത്ഥന. 

എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ ഭാവി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും മമത ബാനർജിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞ ദിവസം ഇത് ആവശ്യം മുന്നോട്ട് വച്ചിരുന്നു. വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് പന്താടുകയാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു സിസോദിയയുടെ വിമർശനം. വിദ്യാർത്ഥികളുടെ മൻ കി ബാത്ത് കേൾക്കണമെന്നും പ്രവേശന പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടിരുന്നു.