ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം എല്ലാ വർഷവും സംഭാവന നൽകുമെന്ന് ദമ്പതികൾ പ്രതിജ്ഞയെടുത്തതായി അറിയിച്ചു.

ദില്ലി: രാജ്യത്തെ പ്രധാന വ്യവസായി ​ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹം വെള്ളിയാഴ്ച നടക്കും. ദിവ ജെയ്‌മിൻ ഷായാണ് വധു. വിവാഹത്തിന് മുമ്പേ വമ്പൻ പ്രഖ്യാപനത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ദമ്പതികൾ. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം എല്ലാ വർഷവും സംഭാവന നൽകുമെന്ന് ദമ്പതികൾ പ്രതിജ്ഞയെടുത്തതായി അറിയിച്ചു.

ജീത്തും ദിവയും ഒരു മഹത്തായ പ്രതിജ്ഞയോടെ വിവാഹ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചു. എല്ലാ വർഷവും 500 ദിവ്യാംഗ സഹോദരിമാരുടെ വിവാഹത്തിന് 10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അവർ 'മംഗൾ സേവ' പ്രതിജ്ഞയെടുത്തു. ഒരു പിതാവെന്ന നിലയിൽ, ഈ പ്രതിജ്ഞ എനിക്ക് വളരെയധികം സംതൃപ്തി നൽകുന്നതാണ്. ദമ്പതികളുടെ പ്രതിജ്ഞ നിരവധി കുടുംബങ്ങളെ സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ഗൗതം അദാനി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. പ്രതിജ്ഞ നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ജീത് അദാനി ഇന്ന് 21 നവദമ്പതികളായ ദിവ്യാംഗ സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും കണ്ടു. 

2019 ൽ അദാനി ഗ്രൂപ്പിൽ ചേർന്ന ഇരുപത്തിയേഴുകാരനായ ജീത് അദാനി, എട്ട് വിമാനത്താവളങ്ങളുടെ മാനേജ്‌മെന്റ്, ഡെവലപ്‌മെന്റ് പോർട്ട്‌ഫോളിയോയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിന്റെ ഡയറക്ടറാണ്. പെൻസിൽവാനിയ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ ജീത്, അദാനി ഗ്രൂപ്പിന്റെ പ്രതിരോധം, പെട്രോകെമിക്കൽസ്, ചെമ്പ് ബിസിനസുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നു. ഗ്രൂപ്പിന്റെ ഡിജിറ്റൽ മേഖലയുടെ ചുമതലയും അദ്ദേഹത്തിനാണ്.