വിജയവാഡ: റേഷൻ കാർഡിന്റെ പുറംചട്ടയിൽ യേശുക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത സംഭവത്തിൽ വിവാദം. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഡീലർക്കെതിരെ നടപടിയെടുക്കുമെന്ന് സിവിൽ സപ്ലൈസ് ഓഫീസർ വ്യക്തമാക്കി. ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർ‌ശനം നേരിടുന്ന വൈഎസ്ആർ സർക്കാരിനെ പരിഹസിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടിയെന്ന് പൊലീസ് സംശയമുന്നയിക്കുന്നു. ആന്ധ്രാ മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡി ക്രിസ്തുമത വിശ്വാസിയാണ്. 

എം മം​ഗാദേവി എന്ന വനിതാ വ്യാപാരിയുടെ പേരിലുള്ള റേഷൻ ഷോപ്പിലാണ് ഈ കാർഡ് ഉള്ളത്. മം​ഗാദേവിയുടെ ഭർത്താവ് എം സത്യനാരായണ ടിഡിപി അം​ഗമാണ്. വിദ്വേഷപ്രചരണത്തിന്റെ ഭാ​ഗമായിട്ടാണ് ഇവർ ഇത്തരത്തിൽ റേഷൻ കാർഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ കർശനമായി നടപടി സ്വീകരിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 

മൂന്ന് വർഷങ്ങൾക്ക് മുമ്പ് 2016 ൽ ഇതേ വ്യക്തി തന്നെ റേഷൻകാർഡിൽ സായിബാബയുടെ ചിത്രം പ്രിന്റ് ചെയ്തിരുന്നു. 2017ലും 2018ലും സമാനമായ രീതിയില്‍ ഇയാള്‍ റേഷന്‍ കാര്‍ഡില്‍ സായി ബാബയുടെയും  ബാലാജിയുടെയും ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിരുന്നതായും പൊലീസ് പറയുന്നു.