ബിഷ്ണുപൂർ: ജാർഖണ്ഡിൽ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലും ആദ്യഘട്ടത്തിൽ 62.87 ശതമാനം പോളിംഗ്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ അഞ്ച് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുംല ജില്ലയിലെ ബിഷ്ണുപൂരിൽ വനമേഖലയ്ക്ക് അടുത്തുള്ള ഒരു പാലം മാവോയിസ്റ്റുകൾ ബോംബ് വച്ച് തകർത്തു. ആളപായമില്ലെന്നും ഇതിനാൽ വോട്ടെടുപ്പ് തടസ്സപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ശശി രഞ്ജൻ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 7 മണി മുതലായിരുന്നു തെരഞ്ഞെടുപ്പ്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെ മാത്രമേ വോട്ട് ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 

ആദ്യഘട്ടത്തിൽ ബിജെപി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ രാമചന്ദ്ര ചന്ദ്രവംശിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് രാമേശ്വർ ഒറാവോനുമാണ് പ്രധാനസ്ഥാനാർത്ഥികൾ. ചന്ദ്രവംശി മത്സരിക്കുന്നത് ബിഷ്ണുപൂരിൽ നിന്നാണ്. പിസിസി പ്രസിഡന്‍റ് മത്സരിക്കുന്നത് ലോഹർദാഗയിൽ നിന്നും. അടുത്ത കാലത്ത് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന സുഖ്ദേവ് ഭഗത് തന്നെ ബിജെപിയിലേക്ക് മറുകണ്ടം ചാടിയതിനെത്തുടർന്നാണ് രാമേശ്വർ ഒറാവോൻ പിസിസി പ്രസിഡന്‍റായത്. 

ബിജെപി ഒറ്റയ്ക്ക് കളത്തിലിറങ്ങുമ്പോൾ, കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും ഒന്നിച്ചാണ് മത്സരിക്കുന്നത്. 

അതേസമയം, പലാമു ജില്ലയിലെ കോസിയാര ഗ്രാമത്തിൽ കോൺഗ്രസ് - ബിജെപി അനുകൂലികൾ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് സ്ഥാനാർത്ഥി കെ എൻ ത്രിപാഠിയെ പോളിംഗ് ബൂത്തുകൾ സന്ദർശിക്കാൻ ബിജെപി സ്ഥാനാർത്ഥികൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘർഷം. ഇതിനിടെ, കയ്യിലുണ്ടായിരുന്ന ഒരു തോക്കെടുത്ത് സംഘർഷത്തിനിടയിലൂടെ നടക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ത്രിപാഠിയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

ബിജെപി, കോൺഗ്രസ് സഖ്യത്തിന് പുറമേ. ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്), ജെഡിയു, ഇടത് പാർട്ടികൾ എന്നിവയും മത്സരരംഗത്തുണ്ട്. ആകെ 4892 പോളിംഗ് സ്റ്റേഷനുകളുള്ളതിൽ 1262 എണ്ണത്തിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. 1097 പോളിംഗ് സ്റ്റേഷനുകളും മാവോയിസ്റ്റ് അനുകൂലമേഖലകളായതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇവയെല്ലാം അതീവപ്രശ്നബാധിത ബൂത്തുകളായിരുന്നു. 

81 അംഗ നിയമസഭയിലേക്ക് ബാക്കിയുള്ള ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഡിസംബർ 7, 12, 16, 20 തീയതികളിലായി നടക്കും. വോട്ടെണ്ണൽ ഡിസംബർ 23-നാണ്.