നാല്‍പ്പത്തിയെട്ട് വോട്ട് നേടിയാണ് ഹേമന്ത സോറൻ സർക്കാർ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. 81 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 42 എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്

റാഞ്ചി: ജാർഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് അയോഗ്യത കൽപിക്കുന്നതിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനിടെ, സഭയിൽ ഭൂരിപക്ഷം തെളിയിച്ച് സർക്കാര്‍. നാല്‍പ്പത്തിയെട്ട് വോട്ട് നേടിയാണ് ഹേമന്ത സോറൻ സർക്കാർ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. 81 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 42 എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. ഇത് മറികടന്ന് 48 വോട്ടുകൾ നേടാൻ ജെഎംഎമ്മിനായി. വോട്ടെടുപ്പിനിടെ ബിജെപി എംഎല്‍എമാ‍ർ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്താണ് സോറൻ വിശ്വാസ വോട്ട് ഉറപ്പാക്കിയത്. ഛത്തീസ്‍ഗഡില്‍ ആയിരുന്ന യുപിഎ എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാൻ ഇന്നലെ രാത്രിയോടെ റാഞ്ചിയില്‍ തിരിച്ചെത്തിയിരുന്നു.

അതേസമയം സോറനെ അയോഗ്യനാക്കുന്നതില്‍ ഗവർണറുടെ തീരുമാനം നീളുകയാണ്. സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന ശുപാർശ,തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഗവർണറുടെ തീരുമാനം വൈകുന്നതിൽ സർക്കാരിനും ആകാംക്ഷയുണ്ട്. ഈ സാഹചര്യത്തിലാണ് സോറൻ വിശ്വാസ വോട്ട് തേടി പിന്തുണ ഉറപ്പാക്കിയത്. 

81 അംഗ നിയമസഭയിൽ ജെഎംഎം 30, കോൺഗ്രസ് 18, ആർജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്. സ്വന്തം കരിങ്കൽ ഖനിക്ക് സോറൻ ഭരണ സ്വാധീനമുപയോഗിച്ച് അനുമതി പുതുക്കിയെടുത്തെന്ന പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മുഖ്യമന്ത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 9 എ വകുപ്പുപ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

അയോഗ്യനാക്കപ്പെട്ടാൽ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരും. മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മാർഗമാണ് പാര്‍ട്ടി പരിഗണിക്കുന്നത്. എംഎല്‍എ ആയ ബാരായിത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിച്ച് ജയിച്ചാല്‍ അഴിമതി ആരോപണത്തെ ജനം തളളിയെന്ന വാദത്തിന് ബലമാകുമെന്നാണ് സോറന്‍റെയും പാര്‍ട്ടിയുടെയും കണക്കുകൂട്ടല്‍.