റാഞ്ചി: കൊവിഡ് 19 വൈറസ് വ്യാപനത്തിന് ഇടയില്‍ മുന്‍ എംപി അടക്കമുള്ള അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കാനായി കോടതി നല്‍കിയ നിര്‍ദേശം ഇങ്ങനെ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35000 രൂപയും ആരോഗ്യ സേതു ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നുമാണ് ജാര്‍ഖണ്ഡ് കോടതി വിധി. കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പണമടക്കേണ്ടത്.  

കസ്റ്റഡിയില്‍ നിന്ന് മോചിതരായാല്‍ ഉടനെ ആരോഗ്യ സേതു ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും ജാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം അനുവദിക്കണമെങ്കില്‍ പണമടച്ച രസീത് കോടതിയില്‍ നല്‍കണമെന്നുമാണ് ഉത്തരവ്. ബിജെപിയുടെ മുന്‍ എംവിയായ സോം മരാണ്ടി, വിവേകാനന്ദ് തിവാരി, അമിത് അഗര്‍വാള്‍, ഹിസാബി റായ്, സഞ്ജയ് ബര്‍ദ്ധാന്‍, അനുഗ്രഹ് പ്രസാദ് എന്നിവരാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

2012ല്‍ ട്രെയിന്‍ തടഞ്ഞ് സമരം ചെയ്തതിനാണ് റയില്‍വേ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കീഴ്ക്കോടതികള്‍ കേസ് വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും ഈ വിധി പുനപരിശോധിക്കണമെന്ന ആവശ്യവുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനുഭവ റാവത്ത് ചൌധരിയുടെ ബെഞ്ചിന്‍റേതാണ് തീരുമാനം. വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി.