കനയ്യകുമാറിന്റെയും തന്റെയും കോൺഗ്രസ് പ്രവേശം അതിന് സഹായിക്കും. ബിജെപിയെ തൂത്തെറിയും. കോൺഗ്രസിനേ രാജ്യത്തെ രക്ഷിക്കാനാകൂ. അതുകൊണ്ടാണ് കോൺഗ്രസിൽ ചേർന്നതെന്നും മേവാനി പറഞ്ഞു.

ദില്ലി: അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് (Congress) വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ജി​ഗ്നേഷ് മേവാനി (JIgnesh Mevani). കനയ്യകുമാറിന്റെയും (Kanhaiya Kumar) തന്റെയും കോൺഗ്രസ് പ്രവേശം അതിന് സഹായിക്കും. ബിജെപിയെ (BJP) തൂത്തെറിയും. കോൺഗ്രസിനേ രാജ്യത്തെ രക്ഷിക്കാനാകൂ. അതുകൊണ്ടാണ് കോൺഗ്രസിൽ ചേർന്നതെന്നും മേവാനി പറഞ്ഞു.

കനയ്യകുമാറിനൊപ്പമാണ് ​ജി​ഗ്നേഷ് മേവാനി എഐസിസി ആസ്ഥാനത്തെത്തി കോൺ​ഗ്രസിനോട് കൂറ് പ്രഖ്യാപിച്ചത്. ​ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയായ ജി​ഗ്നേഷ് മേവാനിക്ക് പാ‍ർട്ടി അം​ഗത്വം സ്വീകരിക്കാൻ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം കോൺ​ഗ്രസ് സഹയാത്രികനായി പ്രവർത്തിക്കും. 

Read Also: 'പാർട്ടിയോട് സത്യസന്ധത കാട്ടിയില്ല, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന'; കനയ്യയുടെ കോൺ​ഗ്രസ് പ്രവേശത്തിൽ ഡി രാജ

കനയ്യകുമാറിനേയും ജി​ഗ്നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ എഐസിസി ആസ്ഥാനത്തേക്ക് വൈകിട്ട് അഞ്ച് മണിയോടെ കനയ്യകുമാറും, ജിഗ്നേഷ് മേവാനിയും എത്തി. ഇതിന് മുൻപായി ഇരുവരും രാഹുൽ ​ഗാന്ധിക്കൊപ്പം ഭ​ഗത് സിം​ഗ് സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നീട് എഐസിസി ജനറൽ സെക്രട്ടറിമാരായ രൺദീപ് സു‍ർജെവാല, കെ സി വേണു​ഗോപാൽ എന്നിവ‍ർക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി. 

മുതി‍ർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുട‍ർച്ചയായ പലായനത്തിൽ വലഞ്ഞ കോൺ​ഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിൻ്റേയും ജി​ഗ്നേഷ് മേവാനിയുടേയും വരവ്. പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍​ഗ്രസിന് മാത്രമെന്നാണ് വാർത്താ സമ്മേളനത്തിൽ കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടത്. ഭഗത്‍ സിംഗിൻ്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിൻ്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്, താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളും. കോൺഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നിൽക്കാനാവില്ലെന്നും കനയ്യ പറഞ്ഞു.

Read Also: 'പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രം';കനയ്യ കുമാര്‍