ദില്ലി: 2017ല്‍ മോശം ഭക്ഷണത്തെ കുറിച്ച് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തതിന് ബിഎസ്എഫില്‍ നിന്ന് പുറത്താക്കിയ തേജ്ബഹദൂർ യാദവ് ജെജെപിയില്‍ നിന്ന് രാജി വച്ചു. വെള്ളിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിലൂടെയാണ് തേജ്ബഹദൂർ തന്‍റെ തീരുമാനം വെളിപ്പെടുത്തിയത്. ജെജെപിയിൽ ചേരാനുള്ള തീരുമാനം തെറ്റായിപ്പോയി. ജെജെപി ബിജെപിയുടെ ബി ടീമാണെന്നും ദുഷ്യന്ത് ചൗട്ടാല ജനങ്ങളെ വഞ്ചിച്ചുവെന്നും  തേജ്ബഹദൂർ പറയുന്നു.

കഴിഞ്ഞ മാസമാണ് തേജ്ബഹദൂർ യാദവ് ജെജെപിയിൽ ചേർന്നത്. മനോഹർ ലാല്‍ ഖട്ടാറിനെതിരെ കർണാലിൽ നിന്നും മത്സരിച്ച തേജ്ബഹദൂറിന് വളരെ കുറച്ച് വോട്ടുകൾ മാത്രമാണ് നേടാനായത്. ദുഷ്യന്ത് ചൗട്ടാലക്ക് കിട്ടിയ പത്ത് സീറ്റുകൾ അദ്ദേഹത്തിന്‍റെ മുത്തച്ഛനായ അന്തരിച്ച മുന്‍ ഉപ പ്രധാനമന്ത്രി ചൗധരി ദേവി ലാലിന്‍റെ വ്യക്തി പ്രഭാവം കൊണ്ടു കൂടി നേടിയതാണെന്നാണ് തേജ്ബഹദൂ‌ർ പറയുന്നു.

ജെജെപിയിൽ ചേർന്ന സമയത്ത് ദേവിലാലും കൊച്ചുമകന്‍ ദുഷ്യന്ത് ചൗട്ടാലയും ഒരേ ഗുണങ്ങളുള്ളവരാണെന്ന് തേജ്ബഹദൂർ പറഞ്ഞിരുന്നു.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ തേജ്ബഹദൂർ ശ്രമിച്ചിരുന്നു. വരാണസിയിൽ നിന്ന് എസ്പി ടിക്കറ്റിൽ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ജെജെപി ബിജെപിയുടെ ബി ടീമാണെന്ന് നേരത്തെ കോണ്‍ഗ്രസ് വക്താവ് രന്ദീപ് സിംഗ് സുർജോവാലയും ആരോപിച്ചിരുന്നു.