ദില്ലി: ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ അധികൃതർ ഇളവുകൾ പ്രഖ്യാപിച്ചു. ഹോസ്റ്റൽ സിംഗിൾ റൂമിന് 20 രൂപ മാസവാടകയുണ്ടായിരുന്നത് 600 രൂപയായിട്ടായിരുന്നു വർദ്ധിപ്പിച്ചിരുന്നത് ഇത് 200 രൂപയാക്കി മാറ്റി. ഡബിൾ റൂമിന്‍റെ മാസവാടക 10 രൂപയിൽ നിന്ന് മുന്നൂറ് രൂപയാക്കിയത് 100 രൂപയാക്കിയും കുറച്ചു. ജെഎൻയു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫീസ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.   എന്നാൽ യൂട്ടിലിറ്റി ചാർജുകളുടെയും സർവ്വീസ് ചാർജുകളും കുട്ടികളിൽ നിന്ന് ഈടാക്കും. 

 

ഡ്രസ്കോഡും ഹോസ്റ്റൽ പ്രവേശനസമയവും സംബന്ധിച്ച വിവാദ നിർദ്ദേശങ്ങൾ പിൻവലിച്ചതായും രജിസ്ട്രാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.  എന്നാൽ ഇത് കണ്ണിൽപൊടിയിടാനുള്ള നീക്കമാണെന്ന ആരോപണം വിദ്യാർത്ഥികളും ഒരു വിഭാഗം അധ്യാപകരും ഉയർത്തിക്കഴിഞ്ഞു. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. ഫീസ് വർദ്ധനവിനെതിരായ വിദ്യാർത്ഥികളുടെ പ്രക്ഷോഭം മൂന്നാം ദിവസം തുടരുന്നതിനിടെയാണ്  തീരുമാനം പുനപരിശോധിക്കപ്പെട്ടിരിക്കുന്നത്. 

 


ചെറിയ ഇളവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന്  വിദ്യാർത്ഥികൾ ആരോപിക്കുന്നു. സമരം പിൻവലിക്കില്ലെന്നാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആദ്യ പ്രതികരണം,  എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായില്ലെന്ന് ഒരു വിഭാഗം അധ്യാപകരും ആരോപിച്ചു.