ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഫീസ് വർധനവ് നിയമപരമായി നേരിടാൻ വിദ്യാർത്ഥി യൂണിയന്റെ നീക്കം. ഇതു സംബന്ധിച്ച് യൂണിയന്റെ നിയമ സംഘവുമായി ചർച്ചകൾ നടന്നു. എന്നാൽ അന്തിമ തീരുമാനം യൂണിയൻ സ്വീകരിച്ചിട്ടില്ല. അതെസമയം ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ പൂർണ്ണമായി ബഹിഷ്ക്കരിക്കാൻ യൂണിയൻ തീരുമാനിച്ചു. വിദ്യാർത്ഥികളോട് ഇതു സംബന്ധിച്ച് നിലപാട് യൂണിയൻ അറിയിച്ചു. 

അതേ സമയം ഹോസ്റ്റല്‍ ഫീസ് വർദ്ധനവിന്‍റെ പേരില്‍ ജെഎന്‍യു വിദ്യാർത്ഥികൾ സമരം തുടരുന്നതില്‍ ന്യായമല്ലെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ പ്രതികരിച്ചു. 'ഫീസ് വർദ്ധനവ് സംബന്ധിച്ച വിഷയം വിദ്യാർഥികളും അധ്യാപകരുമായി പല തവണ നടന്ന ചർച്ചയിലൂടെ പരിഹരിച്ചതാണ്'. ഇനിയും പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി.

അതേ സമയം കഴിഞ്ഞ ദിവസം ജെഎൻയുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ദില്ലി പൊലീസ് ചോദ്യം ചെയ്തു. കാമ്പസിലെ യൂണിയൻ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെ ഒമ്പത് പേർക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അന്വേഷണ സംഘം കാമ്പസിൽ എത്തുന്നതിനാല്‍ ചോദ്യം ചെയ്യൽ ഇവിടേക്ക് മാറ്റുകയായിരുന്നു. 

അഞ്ച് പേർ അടങ്ങുന്ന സംഘമാണ് കാമ്പസിൽ എത്തിയത്. കേസിൽ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴി സംഘം രേഖപ്പെടുത്തി. അതേസമയം കേസിൽ ഇതുവരെ 49 പേർക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. സുരക്ഷാ ജീവനക്കാരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിക്കും. 

ചോദ്യം ചെയ്യൽ കണക്കിലെടുത്ത് കാമ്പസിനുള്ളിലും ചുറ്റും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജെഎൻയു സംഘർഷത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളും വിവരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാട്ട്സ് ആപ്പിനും ഗൂഗിളിനും, ആപ്പിളിനും  ദില്ലി ഹൈക്കോടതി നോട്ടീസയച്ചു.