ദില്ലി: വൈസ് ചാൻസലര്‍ ജഗദീഷ് കുമാറിനെ മാറ്റണമെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന ജെഎൻയു വിദ്യാര്‍ത്ഥികൾ രാജീവ് ചൗക്കിലെ പ്രതിഷേധം അവസാനിപ്പിച്ചു. സമരം ഇന്നത്തേക്ക് അവസാനിപ്പിക്കുകയാണെന്നും നാളെ പൂര്‍വ്വാധികം ശക്തിയോടെ സമരം പുനരാരംഭിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയൻ അറിയിച്ചു. അതേസമയം ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികൾ നടത്തിയ സമരപരമ്പര ദില്ലി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കി.

ഉച്ചയോടെ  മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നടത്തിയ വിദ്യാര്‍ത്ഥികൾ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്പതി ഭവനിലേക്ക് വിദ്യാര്‍ത്ഥികൾ മാര്‍ച്ച് പ്രഖ്യാപിച്ചു. ഇത് പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. 

വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. ഇതും പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഇവ‍ര്‍ നേരെ രാജീവ് ചൗക്കിലേക്ക് പോവുകയായിരുന്നു. പൊലീസെത്തി അഭ്യര്‍ത്ഥിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികൾ പിന്നീട് സ്വമേധയാ പിൻവാങ്ങുകയായിരുന്നു.

വിസിയെ മാറ്റണമെന്ന ജെഎൻയു വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യത്തിൽ നാളെയും ചര്‍ച്ച നടന്നേക്കും. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസ‍ര്‍ക്കാര് അറിയിച്ചിട്ടുണ്ട്‍. വിദ്യാര്‍ത്ഥികൾ ദില്ലിയിൽ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷം വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് ഐഷി ഘോഷ് മാര്‍ച്ച് പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്. നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ പ്രധാന റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. കൂടുതൽ സേനയെ എത്തിച്ച് എല്ലാ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് ഇവിടെ സാധാരണ നിലയിലേക്ക് എത്തിച്ചു.

എന്നാൽ മന്ത്രിമാര്‍ഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികൾ തിരികെ താമസസ്ഥലത്തേക്കല്ല പോയത്. മറിച്ച്, ഇവര്‍ ദില്ലിയിലെ കൊണാട്ട്പ്ലേസിലേക്ക് മാര്‍ച്ച് ചെയ്യാനാരംഭിച്ചു. ഇതോടെ പൊലീസിന് വീണ്ടും രംഗത്തിറങ്ങേണ്ടി വന്നു. വിദ്യാര്‍ത്ഥികളെ തടയുകയും എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവരെ വീണ്ടും മന്ത്രിമാര്‍ഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു. എന്നാൽ ഇവരിൽ രണ്ടുപേരെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടില്ല. ഇതേ തുട‍ര്‍ന്ന് പൊലീസ് സ്റ്റേഷനിൽ വിദ്യാര്‍ത്ഥികളുടെ ശക്തമായ സമരം നടന്നു. കസ്റ്റഡിയിലുള്ളവരെ വിട്ടയച്ച ഉടൻ പ്രതിഷേധ മാര്‍ച്ച് രാജീവ് ചൗക്കിലേക്ക് മാറ്റി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതൽ സമ്മര്‍ദ്ദത്തിലായി.

അതിനിടെ ജെഎൻയു ക്യാംപസിൽ സുരക്ഷ വര്‍ധിപ്പിച്ചു. ക്യാംപസിനകത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇതിന് പുറമെ ദില്ലിയിലെ പാര്‍ലമെന്റിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. പക്ഷെ വിസി ജഗദീഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ എന്തുവന്നാലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥി യൂണിയൻ.

ഇന്ന് ജെഎൻയുവിലെ വിദ്യാര്‍ത്ഥികളും അധ്യാപക യൂണിയൻ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസ‍ര്‍ക്കാര്‍ നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാൻ പ്രധാന കാരണം. ഇതോടെ വിസി രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് നിലപാടെടുത്തു. പിന്നീടായിരുന്നു ശക്തമായ തുടര്‍പ്രക്ഷോഭങ്ങൾ അരങ്ങേറിയത്.

ജനുവരി 5 ന് കാമ്പസിൽ നടന്ന ആക്രമണത്തിൽ ഇതുവരെ ദില്ലി പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്ത തിൽ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനം ഉയര്‍ന്നിട്ടുണ്ട്. 

കാമ്പസിൽ എത്തിയ മുഖംമൂടി സംഘം തന്നെ വധിക്കാൻ ശ്രമിച്ചെന്ന വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതെ സമയം ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികൾ കിട്ടിയെന്നും ഇവ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദില്ലി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപിക സുചിത്രാ സെന്നും പരാതി നൽകിയിട്ടുണ്ട്.

പോലീസിനെ മറികടക്കാൻ വിദ്യാർഥികൾ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പിന്നാലെ വിദ്യാര്‍ത്ഥികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഇവരെ എഴുന്നേൽപ്പിക്കാൻ പൊലീസ് ശ്രമിച്ചു. അതിനിടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇതോടെ വിദ്യാര്‍ത്ഥികൾ റോഡിന്റെ മറുഭാഗത്തുകൂടി രാഷ്ട്പതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യാൻ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് പൊലീസ് ലാത്തിവീശിയത്.