ദില്ലി: ജെഎൻയുവിലെ വിദ്യാര്‍ത്ഥികളും അധ്യാപക യൂണിയൻ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയം. വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസ‍ര്‍ക്കാര്‍ നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാൻ പ്രധാന കാരണം. ഇതോടെ വിസി രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുത്തു.

വൈസ് ചാൻസലര്‍ സ്ഥാനത്ത് നിന്ന് ജഗദീഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. പിന്നാലെ തങ്ങളുടെ മാര്‍ച്ച് രാഷ്ട്രപതി ഭവനിലേക്ക് നീട്ടുകയാണെന്നും ഐഷി പ്രഖ്യാപിച്ചു. അധ്യാപക യൂണിയനും സമരത്തിലുണ്ട്.

വിദ്യാര്‍ത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയതോടെ പൊലീസ് ഇവരെ തടഞ്ഞു. സ്ഥലത്ത് ഇപ്പോൾ ഉന്തും തള്ളുമുണ്ടായി. ജൻപഥ്റോഡിലും പോലീസ് വിദ്യാർത്ഥികളെ തടഞ്ഞു. പോലീസിനെ മറികടക്കാൻ വിദ്യാർഥികൾ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പിന്നാലെ വിദ്യാര്‍ത്ഥികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഇവരെ എഴുന്നേൽപ്പിക്കാൻ പൊലീസ് ശ്രമിച്ചു. അതിനിടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.

ഇതോടെ വിദ്യാര്‍ത്ഥികൾ റോഡിന്റെ മറുഭാഗത്തുകൂടി രാഷ്ട്പതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യാൻ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് പൊലീസ് ലാത്തിവീശിയത്.  വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സമരക്കാരോട് റോഡിന്റെ വശങ്ങളിലേക്ക് നീങ്ങിനിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

ജെ എൻ യു കാമ്പസിൽ നടന്ന മുഖം മൂടി ആക്രമണത്തിലും സർവകലാശാലയിലെ ഹോസ്റ്റൽ ഫീസ് വർധനവിലും പ്രതിഷേധിച്ച ജെ എൻ യു വിദ്യാർത്ഥികളും അധ്യാപക സംഘടനയുമാണ് ഇന്ന് മണ്ഡി ഹൗസിൽ നിന്നും മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറിയുമായുള്ള ചര്‍ച്ച. 

ജനുവരി 5 ന് കാമ്പസിൽ നടന്ന ആക്രമണത്തിൽ ഇതുവരെ ദില്ലി പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്ത തിൽ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനം ഉയര്‍ന്നിട്ടുണ്ട്. 

കാമ്പസിൽ എത്തിയ മുഖംമൂടി സംഘം തന്നെ വധിക്കാൻ ശ്രമിച്ചെന്ന വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതെ സമയം ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികൾ കിട്ടിയെന്നും ഇവ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദില്ലി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപിക സുചിത്രാ സെന്നും പരാതി നൽകിയിട്ടുണ്ട്.