എബിവിപി വാദം ആവർത്തിക്കുക മാത്രമാണ് അഡ്മിനിട്രേഷൻ ചെയ്തെന്നും യഥാർത്ഥ സംഭവങ്ങൾ മറച്ചുവെക്കുകയാണെന്നും വിദ്യാർത്ഥി യൂണിയൻ വിമര്‍ശിച്ചു.

ദില്ലി: ജെഎൻയുവിലെ (JNU) സംഘർഷത്തിൽ വിശദീകരണവുമായി സർവകലാശാല അധികൃതർ. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ജെഎൻയു അഡ്മിനിട്രേഷൻ പ്രതികരിച്ചു. പൂജ ഒരു വിഭാഗം എതിർത്തെന്നും ഇത് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചെന്നുമാണ് ജെഎൻയു അഡ്മിനിട്രേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. എബിവിപി (ABVP) വാദം ആവർത്തിക്കുക മാത്രമാണ് അഡ്മിനിട്രേഷൻ ചെയ്തെന്നും യഥാർത്ഥ സംഭവങ്ങൾ മറച്ചുവെക്കുകയാണെന്നും വിദ്യാർത്ഥി യൂണിയൻ വിമര്‍ശിച്ചു.

Scroll to load tweet…

അതേസമയം, സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ജെഎൻയു വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് കേസെടുത്തത്. മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി എബിവിപി പ്രവർത്തകരും മറ്റു വിദ്യാർത്ഥികളും തമ്മിലുള്ള തർക്കമാണ് ഇന്നലെ സംഘർഷത്തിൽ കലാശിച്ചത്. വൈകുന്നേരം നടന്ന 
കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. 

സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ നൽകിയ പരാതിയിലാണ് പൊലീസ് എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇന്നലെ ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷൻ വിദ്യാർത്ഥികൾ പുലർച്ച വരെ ഉപരോധിച്ചിരുന്നു. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് തടഞ്ഞ എബിവിപി പ്രവർത്തകർ ക്യാമ്പിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് മറ്റു വിദ്യാർത്ഥികൾ പറയുന്നത്.

എന്നാൽ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപിയുടെ ആരോപണം. സംഭവത്തിൽ എബിവിപിയും ദില്ലി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

Scroll to load tweet…