ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലാ വിദ്യാർത്ഥിക്ക് എബിവിപി പ്രവർത്തകരുടെ മർദ്ദനം. നർമ്മദ ഹോസ്റ്റലിലെ അന്തേവാസിയായ രജീബ് ആക്രമാണ് എബിവിപി പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതിപ്പെട്ടത്. രജീബിനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് ക്യാമ്പസിൽ  പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചു.

അതേസമയം രജീബിനെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശ്നമാണെന്നും എബിവിപി പറഞ്ഞു. വിദ്യാർത്ഥികൾ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിതെന്നാണ് അവർ പറഞ്ഞത്.

അതേസമയം ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഈ മാസം 22 ന് വാദം കേൾക്കും. പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ജനാധിപത്യ വിരുദ്ധമായി ഫീസ് വർദ്ധിപ്പിച്ച സർവ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ അറിയിച്ചു. 

രജിസ്ട്രേഷൻ നടപടികൾ വിദ്യാർത്ഥി യൂണിയൻ പൂർണ്ണമായും ബഹിഷ്കരിച്ചിരുന്നു. പിഴ കൂടാതെ രജിസ്ട്രേഷൻ നടത്താനുള്ള തീയ്യതി വെള്ളിയാഴ്ച്ച
അവസാനിച്ചിരുന്നു. അതേ സമയം ഫീസ് വർദ്ധനവിനെതിരെയുള്ള വിദ്യാർത്ഥി യൂണിയന്റെ സമരം തുടരുകയാണ്.