Asianet News MalayalamAsianet News Malayalam

മോദിക്കെതിരായ ഡോക്യുമെന്‍ററി ലിങ്കുകള്‍ പങ്ക് വച്ച് പ്രതിപക്ഷ നേതാക്കള്‍, നാളെ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശനം

ചക്രവര്‍ത്തിയും ഭൃത്യന്മാരും എത്ര ഭീരുക്കളാണെന്ന് ഡോക്യുമെന്‍ററി നിരോധനത്തോടെ ജനത്തിന് മനസിലായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

JNU students union to screen BBC documentary against Modi tomorrow,opposition leaders share documentray links
Author
First Published Jan 23, 2023, 12:50 PM IST

ദില്ലി:ഡോക്യുമെന്‍ററി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷം. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്‍ററി നീക്കം ചെയ്യുമ്പോള്‍ ഡോക്യുമെന്‍ററി ലഭ്യമായ  മറ്റ്  ലിങ്കുകള്‍ പങ്കുവച്ചാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. തൃണമൂല്‍  കോണ്‍ഗ്രസ് എംപിമാരായ ഡെറിയക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ ഡോക്യുമെന്‍ററിയുടെ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയ്തു.

 

മറയ്ക്കാനൊന്നുമില്ലെങ്കില്‍ ഡോക്യുമെന്‍ററിയെ സര്‍ക്കാര്‍ എന്തിന് ഭയക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. ചക്രവര്‍ത്തിയും ഭൃത്യന്മാരും എത്ര ഭീരുക്കളാണെന്ന് ഡോക്യുമെന്‍ററി നിരോധനത്തോടെ ജനത്തിന് മനസിലായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര പരിഹസിച്ചു. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചു. നൂറിലേറെ ട്വീറ്റുകള്‍ ഇതിനോടകം നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ സമൂഹ മാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

യുകെ വിദേശകാര്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഡോക്യുമെന്‍ററി പങ്ക് വയ്ക്കുന്നത്. ഡോക്യുമെന്‍ററി പുറത്ത് വന്നതിന്  ശേഷവും മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്. ഈ ഘടകങ്ങളാണ് സര്‍ക്കാരിനെ  പ്രതിരോധത്തിലാക്കുന്നതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അടിയന്തര സാഹചര്യത്തില്‍ പ്രയോഗിക്കുന്ന ഐടി വകുപ്പിലെ ആക്ട് പ്രയോഗിച്ച് ഡോക്യുമെന്‍ററി നിരോധിച്ചതിനെതിരെയും വിമര്‍ശനമുയരുകയാണ്.

രാജ്യത്തിന്‍റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ  ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്‍ററി നിരോധിച്ചത്. നേരത്തെ ചില ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിരോധിച്ചതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെയും , ഹൈക്കോടതികളുടെയും പരിഗണനയിലുണ്ട്. ആഭ്യന്തര മന്ത്രാലയവും, വിദേശകാര്യ മന്ത്രാലയവും വിശദമായി വിലയിരുത്തിയ ശേഷമാണ് ഡോക്യുമെന്‍ററിക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുടെ ന്യായീകരണം. 

Follow Us:
Download App:
  • android
  • ios