പുലര്‍ച്ചെ ഭിത്തി തുരന്ന് അകത്ത് കയറി ആഭരണങ്ങള്‍ വാരിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു. ധർമ്മപുരിയിലെ വീട്ടിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് വിജയ് കടന്നുകളഞ്ഞിരുന്നു. 

ചെന്നൈ: കോയമ്പത്തൂർ ജോസ് ആലുക്കാസ് ജ്വല്ലറിയിലുണ്ടായ മോഷണത്തിലെ മുഖ്യപ്രതി എം വിജയകുമാർ( 25) അറസ്റ്റിൽ. 4.8 കിലോ സ്വർണം ആണ് ഇയാൾ ജോസ് ആലുക്കാസിൽ നിന്നും മോഷ്ടിച്ചത്. ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ധർമ്മപുരി സ്വദേശിയാണ് വിജയകുമാർ. ഇയാളെ എവിടെ നിന്നാണ് പിടി കൂടിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ശബരിമല തീര്‍ത്ഥാടകന്‍റെ വേഷത്തിലായിരുന്നു പിടികൂടൂമ്പോൾ എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ മാസം 28 നാണ് ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാളാണ് പ്രതിയെന്ന് വ്യക്തമായതിന് പിന്നാലെ 5 പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാളുടെ വീടിന് അടുത്തെത്തിയപ്പോള്‍ ഭിത്തി തുരന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ ഭാര്യ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 3 കിലോ സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ ഭാര്യാ മാതാവില്‍ നിന്നും ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു, 

ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിന്‍റെ മൂന്നാം നാൾ ആണ് മോഷ്ടാവ് 24 കാരനായ വിജയകുമാർ ആണെന്ന് കോയമ്പത്തൂർ പൊലീസ് സ്ഥീരികരിച്ചത്. പുലര്‍ച്ചെ ഭിത്തി തുരന്ന് അകത്ത് കയറി ആഭരണങ്ങള്‍ വാരിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു. ധർമ്മപുരിയിലെ വീട്ടിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് വിജയ് കടന്നുകളഞ്ഞിരുന്നു. ഇയാളെ കണ്ടെത്താൻ അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

വിജയുടെ ഭാര്യ നര്‍മ്മദയുടെ പക്കൽ നിന്ന് 3 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. ആകെ 4 കിലോ കിലോ 600 ഗ്രാം സ്വര്‍ണം മോഷണം പോയെന്നാണ് പരാതി. ഇയാൾ നേരത്തെ മൂന്ന് മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. 40,000 രൂപയുടെ മോഷണമാണ് ഇതിന് മുന്‍പ് ഇയാളുടെ പേരിലുണ്ടായിരുന്ന ഏറ്റവും ഗുരുതരമായ കേസെന്നും പൊലീസ് പറഞ്ഞു.

ഷോറൂമിന്റെ താഴത്തെ നിലയിൽ എസി യോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്നാണ് പുലർച്ചെ രണ്ടരയോടെ ഒരാൾ ജ്വല്ലറിയുടെ അകത്തു കയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ധരിച്ചിരുന്ന ഷർട്ട്‌ ഊരി തല മറയ്ക്കാൻ ശ്രമിച്ച ഇയാൾ, ക്യാഷ് കൗണ്ടറിനു മുന്നിൽ എത്തി ജ്വല്ലറിയുടെ ഉൾവശം മൊബൈലിൽ ചിത്രീകരിച്ചു. പിന്നാലെ കണ്ണിൽ കണ്ട ആഭരണങ്ങൾ ഓരോന്നായി എടുക്കുകയായിരുന്നു. ജ്വല്ലറി തുറന്ന ജീവനക്കാരാണ് മോഷണ വിവരം മനസിലാക്കിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ജോസ് ആലുക്കാസ് മോഷണക്കേസ് പ്രതി പിടിയിൽ