ദില്ലി: ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉത്തർപ്രദേശിൽ ജാമ്യാപേക്ഷ നൽകാനുള്ള സാഹചര്യമില്ല. അതിനാൽ ജാമ്യം നൽകാൻ സുപ്രീംകോടതി തന്നെ ഇടപെടണെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

സിദ്ദിഖ് കാപ്പനെ കാണാൻ കെ യു ഡബ്ള്യു ജെ പ്രതിനിധികളെ അനുവദിക്കുക, അഭിഭാഷകന് കാണാൻ അനുമതി നൽകുക, കുടുംബത്തെ കാണാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സുപ്രീംകോടതിയിൽ യൂണിയൻ ഉന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.