ലക്നൗ: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പുമാണ് നല്‍കുന്നത് എന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കുന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിരുന്നു. ഇതിന്‍റെ വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്‌സ്വാളിനെതിരെയാണ് കേസെടുത്തത്.

ഉത്തര്‍പ്രദേശ് സർക്കാരിനെ  അപകീര്‍ത്തിപ്പെടുത്താനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകനെതിരേ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. മിര്‍സാപുരിലെ സ്‌കൂളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് പാത്രത്തില്‍ നിന്ന് ഉപ്പ് കൂട്ടി ചപ്പാത്തി കഴിക്കുന്നത് കാണാം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കാന്‍ പറയുന്നുണ്ട്. 

കൂടാതെ നിശ്ചിത ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണമെന്നും ഭക്ഷണചാര്‍ട്ടിലുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്‍കാറുള്ളുവെന്ന രക്ഷിതാക്കളുടെ പരാതിയും ദൃശ്യങ്ങളും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. അപൂര്‍വമായി പാല്‍ വിതരണത്തിനെത്തിയാലും കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും പഴങ്ങള്‍ നല്‍കുന്ന പതിവില്ലെന്ന രക്ഷിതാക്കളുടെ പരാതിയും വാർത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വാര്‍ത്തയെ തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്‍റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകൻ സംസ്ഥാന സർക്കാരിനെ ഗൂഢാലോചന നടത്തി മനപ്പൂർവ്വം അപകീർത്തിപ്പെടുത്തിയെന്നാണ് സർക്കാർ പറയുന്നത്.

 വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത് സര്‍ക്കാരിന് മാനക്കേടുണ്ടാക്കിയെന്നാണ് കേസ്. അതേ സമയം ചപ്പാത്തി മത്രമാണ് അന്നേ ദിവസം സ്‌കൂളില്‍ പാകം ചെയ്തിട്ടുള്ളതെന്നും എഫ് ഐആറില്‍ പറയുന്നുണ്ട്.