Asianet News MalayalamAsianet News Malayalam

മോദിയുടെ മണ്ഡലത്തില്‍ വിശപ്പ് സഹിക്കാതെ കുട്ടികള്‍ പുല്ല് തിന്ന വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന് നോട്ടീസ്

വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചിരുന്നു. ഭക്ഷ്യയോഗ്യമായ അഖ്രി ദാല്‍ എന്ന പുല്ലാണ് കുട്ടികള്‍ തിന്നതെന്നും ഗോതമ്പ് പാടത്ത് സാധാരണയായി ഉണ്ടാകുന്നതാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി.
 

Journalist who report grass-eating dalits in Varanasi served notice
Author
Varanasi, First Published Mar 27, 2020, 6:54 PM IST

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ വിശപ്പകറ്റാന്‍ ദലിത് കുട്ടികള്‍ പുല്ലുതിന്നുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് നോട്ടീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന് കാണിച്ച് ജന്‍സന്ദേശ് ടൈംസ് ന്യൂസ് എഡിറ്റര്‍ വിജയ് വിനീതിനാണ് ജില്ല ഭരണകൂടം നോട്ടീസ് നല്‍കിയത്. വാരാണസിയിലെ ബാരോഗാവ് ബ്ലോക്കിലെ കൊയിരിപുര്‍ ഗ്രാമത്തില്‍ ദലിത് കുട്ടികള്‍ വിശപ്പ് സഹിക്കാതെ പുല്ലു തിന്നെന്ന വാര്‍ത്തയാണ് വിജയ് വിനീതു മനീഷ് മിശ്രയും റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം സഹിതമായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്തയും ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കി.

വാട്‌സ് ആപ്പിലാണ് ആദ്യം നോട്ടീസ് ലഭിച്ചതെന്നും പിന്നീട് പൊലീസ് വീട്ടിലെത്തി നല്‍കിയെന്നും വിനീത് ദ വീക്കിനോട് പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റാണ് നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചിരുന്നു. ഭക്ഷ്യയോഗ്യമായ അഖ്രി ദാല്‍ എന്ന പുല്ലാണ് കുട്ടികള്‍ തിന്നതെന്നും ഗോതമ്പ് പാടത്ത് സാധാരണയായി ഉണ്ടാകുന്നതാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍, പുല്ല് ഭക്ഷ്യയോഗ്യമല്ലെന്ന് കാര്‍ഷിക വിദഗ്ധര്‍ തന്നോട് പറഞ്ഞതായി വിനീത് പറഞ്ഞു. അമിതമായി കഴിച്ചാല്‍ പശുക്കള്‍ക്ക് പോലും രോഗമുണ്ടാകുന്ന പുല്ലാണ് അതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും പിന്നോക്ക വിഭാഗമായ മുസാഹര്‍സ് വിഭാഗത്തിലെ കുട്ടികളാണ് പുല്ല് തിന്നത്. എലിയെ തിന്നുന്നവര്‍ എന്നാണ് ഇവരെ മേല്‍ജാതിക്കാര്‍ വിളിക്കുന്നത്. എല്ലാ മേഖലയിലും വളരെ പിന്നിലാണ് ഈ സമുദായം. വരാണസിയില്‍ താമസിക്കുന്ന മുസാഹര്‍സ് വിഭാഗക്കാര്‍ പട്ടിണിയിലും കൊടിയ ദാരിദ്ര്യത്തിലുമാണ് ജീവിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അജയ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios