ബെംഗളൂരു: കര്‍ണാടകയിൽ വിധാനസൗദയ്ക്ക് സമീപമുള്ള എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേർപ്പെടുത്തി സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്കും ഫോട്ടോഗ്രാഫർമാർക്കും ക്യാമറാമാൻമാർക്കുമാണ് എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിന് സ്പീക്കർ വിലക്കേർപ്പെടുത്തിയത്.

വിവിധ മണ്ഡലങ്ങളിൽനിന്ന് എത്തുന്ന എംഎൽഎമാർ അവരുടെ ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനായാണ് എംഎല്‍എ ഹൗസില്‍ എത്തുന്നത്. ഈ സമയത്ത് മാധ്യമപ്രവർത്തകർ അവരെ കാണുന്നതിനായി എത്തുന്നത് സ്വകാര്യതാ ലംഘനമാണ്. ഇനി എംഎല്‍എമാര്‍ക്ക് മാധ്യമങ്ങളുമായി സംവദിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എംഎല്‍എ ഹൗസിന്റെ ഗേറ്റിന് പുറത്ത് എംഎല്‍എമാരുമായി സംസാരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

മാസങ്ങൾക്കു മുൻപ് കർണാടക നിയമസഭയിൽ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ ക്യാമറകള്‍ ഉപയോഗിക്കുന്നത് സ്പീക്കര്‍ നിരോധനമേർപ്പെടുത്തിയിരുന്നു. 2018ൽ അന്നത്തെ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാരും അതിനുശേ‍ഷം അധികാരത്തിലേറിയ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും വി​ധാനസഭയിലേക്ക് പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിരോധനം പിൻവലിക്കുകയായിരുന്നു.