ദില്ലി: സുപ്രീംകോടതി ബാർ അസോസിയേഷന്‍റെ യാത്രയയപ്പ് നിരസിച്ച് ജസ്റ്റിസ് അരുൺ മിശ്ര. കോടതി അലക്ഷ്യ കേസിൽ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ നാളെ വിധിക്കാനിരിക്കെയാണ് അരുൺ മിശ്രയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് 
കേസില്‍ വിധി പറയുക. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ഒരു ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശത്തിലൂടെ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. മാപ്പ് പറഞ്ഞാൽ നടപടികൾ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞെങ്കിലും മാപ്പ് പറയാൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് ഭൂഷണിനെ ജയിലിലേക്ക് അയച്ച് രക്തസാക്ഷിയാക്കരുതെന്നായിരുന്നു അഭിഭാഷകൻ രാജീവ് ധവാന്‍റെ അഭിപ്രായം. 

കോടതി അലക്ഷ്യ കേസിൽ പരമാവധി ശിക്ഷ ആറ് മാസത്തെ ജയിൽവാസമാണ്. പരമാവധി ശിക്ഷ നൽകാൻ കോടതി തീരുമാനിച്ചാൽ പ്രശാന്ത് ഭൂഷണിന് ആറ് മാസം ജയിലിൽ കിടക്കേണ്ടിവരും. അറ്റോര്‍ണി ജനറൽ ഉൾപ്പടെ ആവശ്യപ്പെട്ട സാഹചര്യത്തിൽ താക്കീത് നൽകി കേസ് അവസാനിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്.