ദില്ലി: കൊവിഡ് 19 മൂലമുണ്ടായ പൗ​ര​ന്മാ​രു​ടെ ദു​രി​ത​ങ്ങ​ള്‍ക്കു​നേ​രെ ക​ണ്ണ​ട​ച്ചു​പി​ടി​ച്ച്  ജഡ്ജിമാര്‍ ദ​ന്ത​ഗോ​പു​ര​ങ്ങ​ളില്‍ ഇരിക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ ദുഷ്യന്ത് ദവെ.  കൊവിഡുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെട്ടുവെന്നും ദവെ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്‍ 'മഹാമാരി കാലത്തെ കോടതികളുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ദുഷ്യന്ത് ദവെ സുപ്രീം കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ചത്.  രാജ്യത്ത് അടിയന്തരാവസ്ഥ ഇല്ലാതിരുന്നിട്ടും  മൗലികാവകാശങ്ങള്‍  സംരക്ഷിക്കുന്നത് കോടതികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ദവെ വിമര്‍ശിച്ചു. 

കുടിയേറ്റ തൊഴിലാളികളുടെ ദുരിതം കാണാന്‍ സുപ്രീം കോടതിക്കായില്ല. സര്‍ക്കാര്‍ ഭാഷ്യം അപ്പാടെ സ്വീകരിക്കയാണ് നീതിപീഠം ചെയ്തത്.  കുടിയേറ്റ തൊഴിലാളികള്‍ ആശ്രയമില്ലാതെ കിലോമീറ്ററുകള്‍ കാല്‍നടയായി നടന്നപ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ ഇവരെ നിര്‍ത്താനാവും എന്നാണ് കോടതി ചോദിച്ചത്. 

സുപ്രീം കോടതി ജഡ്ജിമാരുടെ പേരക്കുട്ടികള്‍ റോഡിലൂടെ നടന്നു വരികയാണ്. അപ്പോള്‍ ഒരു കാര് കുതിച്ച് വരുന്നു. അപ്പോള്‍ അവര്‍ ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കില്ല ? ഏതൊരു ഇന്ത്യന്‍ പൗരനും സുപ്രീം കോടതിയുടെ പേരക്കിടാവാണ്, അത് മറക്കരുതെന്ന് ദവെ പറഞ്ഞു. ഭ​ര​ണ​കൂ​ട​ത്തി​​ന്‍റെ പ്ര​വൃ​ത്തി​യി​ലും പ്ര​വ​ര്‍ത്ത​ന​രാ​ഹി​ത്യ​ത്തി​ലും കോടതികള്‍ ഇടപെടണം. അത് കോടതികളുടെ ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് ദവെ വ്യക്തമാക്കി.