ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ആർ എസ് ഗവായ്

ദില്ലി: രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇലക്ട്രൽ ബോണ്ട് കേസ്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണറായിരുന്ന ആർ എസ് ഗവായിയുടെ മകനാണ്.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപൻ കൂടിയാണ് അദ്ദേഹം. ഈ വർഷം നവംബർ 23 വരെ ജസ്റ്റിസ് ബി ആർ ഗവായ് ചീഫ് ജസ്റ്റിസായി തുടരും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു.

വിശദവിവരങ്ങൾ ഇങ്ങനെ

മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ഗവായ് 1985 ലാണ് ബാർ കൗൺസിലിൽ ചേർന്നത്. മുൻ അഡ്വക്കേറ്റ് ജനറലും മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുമായിരുന്ന ബാരിസ്റ്റർ രാജ ഭോൺസാലെയോടൊപ്പം പ്രവർത്തിച്ചു. തുടർന്ന് 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. ശേഷം, ഭരണഘടനാ നിയമവും ഭരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലായിരുന്നു പ്രാക്ടീസ്. 1992 ഓഗസ്റ്റിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. 2000 ൽ നാഗ്പൂർ ബെഞ്ചിന്റെ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. ജസ്റ്റിസ് ഗവായ് 2003 ൽ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായും 2005 ൽ സ്ഥിരം ജഡ്ജിയായും നിയമിതനായി. 2019 ൽ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ, ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്. 2016 ലെ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധി എന്നിവ ഇതിൽ ഉൾപ്പെടും.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമനം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയമനത്തിലെ കീഴ്വഴക്കം അനുസരിച്ച്, സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാർശ ചെയ്യുന്നത്. 2025 ഏപ്രിൽ 16നാണ് നിലവിലത്തെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ജസ്റ്റിസ് ഗവായിയുടെ പേര് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുന്നത്. തുടര്‍ന്ന് ശുപാർശ അംഗീകരിക്കുകയും പ്രസിഡന്റ് ദ്രൗപതി മുർമു ഔദ്യോഗികമായി നിയമനം നടത്തുകയും  ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം