ഭോപ്പാൽ/ദില്ലി: കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് തൊട്ടുപിറ്റേന്ന് ബിജെപിയിൽ ചേർന്ന് ജ്യോതിരാദിത്യ സിന്ധ്യ. ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ പി നദ്ദ അടക്കം മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം. കേന്ദ്രമന്ത്രി പദവിയും മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ സീറ്റുമാണ് സിന്ധ്യയ്ക്കുള്ള വാഗ്ദാനമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ സിന്ധ്യയ്ക്കുള്ള ബർത്തുറപ്പിച്ച് കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയുണ്ടാകുമെന്നും സൂചനയുണ്ട്. 

''ബിജെപി കുടുംബത്തിൽ ഒരു സ്ഥാനം തന്നതിന് നന്ദി. രാജ്യസേവനത്തിന് ഇന്ന് ഏറ്റവും നല്ല ഇടം ബിജെപിയാണ്. മോദിയുടെ കയ്യിൽ രാജ്യം സുരക്ഷിതമാണ്. കോൺഗ്രസ് ഇന്ന് പഴയ പോലല്ല. ഒരിക്കലും ഇനി പഴയ പോലെയാവുകയുമില്ല. ഗതകാലസ്മരണയിൽ ഇപ്പോഴത്തെ തകർച്ച തിരിച്ചറിയാതെ തുടരുകയാണ് കോൺഗ്രസ്. അഴിമതിക്കൂടാരമാണ് മധ്യപ്രദേശ് സർക്കാർ. കർഷകപ്രശ്നങ്ങളോ അഴിമതിയോ ഒന്നും തടയാനാകാത്ത വിധം അഴിമതിയുടെ കൂടായി കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ മാറി'', എന്ന് ജ്യോതിരാദിത്യ.

പ്രസ്താവന അവസാനിച്ചതും മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി രംഗത്തെത്തിയെങ്കിലും എല്ലാ ചോദ്യങ്ങളും ഒഴിവാക്കി സിന്ധ്യ മടങ്ങി. 

ജ്യോതിരാദിത്യയുടെ അച്ഛൻ മാധവറാവു സിന്ധ്യയുടെ സഹോദരി വസുന്ധരാജെ സിന്ധ്യ തന്‍റെ മരുമകനെ പാർട്ടിയിലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്തു. 

''രാജമാതാ സാഹെബ് ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ, ദേശത്തെ ഒന്നാമത് നിർത്തിയുള്ള നിന്‍റെ തീരുമാനത്തിൽ അതീവസന്തോഷവതിയായേനെ. നിന്‍റെ വ്യക്തിത്വത്തിന്‍റെ ശക്തിയിലും ധൈര്യത്തിലും എനിക്ക് സന്തോഷമുണ്ട്. ഒരേ സംഘത്തിൽ ജോലി ചെയ്യാനായതിലും സന്തോഷം'', എന്ന് വസുന്ധരാരാജെ. 

ബിജെപിയുടെ മുൻഗാമിയായ ജനസംഘത്തിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു ജ്യോതിരാദിത്യയുടെ മുത്തശ്ശി രാജമാതാ വിജയരാജെ സിന്ധ്യ. ഇവർക്ക് മൂന്ന് മക്കളാണ്. മാധവറാവു സിന്ധ്യയും വസുന്ധരാ രാജെ സിന്ധ്യയും യശോധരാ രാജെ സിന്ധ്യയും. മാധവറാവു രാജീവ് ഗാന്ധിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ കോൺഗ്രസിൽ എത്തിയെങ്കിലും വസുന്ധരയും യശോധരയും തായ്‍വഴിയിൽ ബിജെപിയിൽ തുടർന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് മാധവറാവു സൂക്ഷിച്ച ആ അടുത്ത സൗഹൃദം, രാഹുൽ സ്ഥാനാരോഹണം ചെയ്ത സമയത്ത് ജ്യോതിരാദിത്യയും തുടർന്നു. എന്നാൽ രാഹുൽ അധ്യക്ഷപദവിയിൽ നിന്ന് ഇറങ്ങിപ്പോയതോടെ, പാർട്ടിയിൽ അധികാരം ജ്യോതിരാദിത്യയ്ക്ക് കിട്ടാക്കനിയായി. മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ ജയത്തിന് നിർണായക പങ്ക് വഹിച്ചിട്ടും ജ്യോതിരാദിത്യയെ മുഖ്യമന്ത്രിസ്ഥാനത്തേക്കോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കോ പോലും പരിഗണിച്ചില്ല. പദവികളില്ലാത്ത 'സിന്ധ്യ രാജകുടുംബത്തിലെ മഹാരാജ' അതൃപ്തനായി. പല തവണ പരസ്യമായിപ്പോലും കമൽനാഥുമായി ഏറ്റുമുട്ടിയ ജ്യോതിരാദിത്യ ഒടുവിൽ കളം വിട്ടു. സ്വന്തം ക്യാമ്പിലെ എംഎൽഎമാരുമായി ബംഗളുരുവിലേക്ക്. അവിടെ നിന്ന് ഒരു ഹോളി ദിനത്തിൽ 'നിറം മാറി' ബിജെപിയിലേക്കും. 

ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ബിജെപി. സിന്ധ്യയെ പിന്തുണയ്ക്കുന്ന 19 പേരും മൂന്ന് സ്വതന്ത്രരുമുൾപ്പടെ 22 പേരുടെ പിന്തുണ കൂടി കിട്ടിയാൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം പാർട്ടിക്കുള്ളിൽത്തന്നെ മുഖ്യമന്ത്രി ആരാകണമെന്നതിൽ തമ്മിൽത്തല്ല് തുടങ്ങിക്കഴിഞ്ഞു. 15 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ്‍രാജ് സിംഗ് ചൗഹാൻ പദവി വിട്ടുകൊടുക്കാൻ തയ്യാറല്ല. സിന്ധ്യയെ വിളിച്ച് പാർട്ടിയിലെത്തിച്ചത് താനാണെന്ന് ചൗഹാൻ പറയുന്നു. അതേസമയം, ഹരിയാനയിൽ എട്ട് എംഎൽഎമാരെ കൊണ്ടുപോയി മനം മാറ്റിയത് താനാണെന്ന് മുതിർന്ന ബിജെപി നേതാവ് നരോത്തം മിശ്ര പറയുന്നു. മുഖ്യമന്ത്രിസ്ഥാനത്തിന് ഇരുനേതാക്കളും അടി തുടങ്ങി.

എന്നാൽ രാജിവയ്ക്കാൻ തയ്യാറല്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്. 95 കോൺഗ്രസ് എംഎൽഎമാരെ ഒറ്റയടിക്ക് രാജസ്ഥാനിലേക്ക് മാറ്റിക്കഴിഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് നേരിട്ടെത്തിയാണ് എംഎൽഎമാരെ സ്വീകരിച്ചത്. കുതിരക്കച്ചവടം ഭയന്ന് ഇനിയൊരു എംഎൽഎയെപ്പോലും ബിജെപിക്ക് കൊടുക്കാതിരിക്കാനാണ് മാറ്റം. സിന്ധ്യക്കൊപ്പം പോയി രാജി സമർപ്പിച്ച 19-ൽ 13 എംഎൽഎമാർ തിരികെയെത്തുമെന്നാണ് മുതിർന്ന നേതാവ് ദിഗ്‍വിജയ് സിംഗ് അവകാശപ്പെടുന്നത്. ഉപമുഖ്യമന്ത്രിപദം വരെ സിന്ധ്യയ്ക്ക് വാഗ്ദാനം ചെയ്തതാണെന്നും, സിന്ധ്യ തന്നെ കളംവിടുമെന്ന് കരുതിയതല്ലെന്നും ദിഗ്‍വിജയ് സിംഗ് പറയുന്നു. സൂക്ഷിക്കാതിരുന്നത് തെറ്റെന്നും തുറന്ന് സമ്മതിക്കുന്നു. 

ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് ഇനി കോൺഗ്രസിന്‍റെ ലക്ഷ്യം. ഇതിനായി രാജി വച്ച എംഎൽഎമാർ നേരിട്ടെത്തി തന്നെ കാണണമെന്ന് മധ്യപ്രദേശ് സ്പീക്കർ ആവശ്യപ്പെടുന്നു. ഏഴ് ദിവസമാണ് സ്പീക്കർക്ക് എംഎൽഎമാരുടെ രാജി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ളത്. മാർച്ച് 17-നുള്ളിൽ എംഎൽഎമാരുടെ രാജി അംഗീകരിക്കാനോ, അതല്ലെങ്കിൽ ഇവർക്ക് അയോഗ്യത കൽപിക്കാനോ സ്പീക്കർക്ക് തീരുമാനിക്കാം. ഇതിനുള്ളിൽ സർക്കാർ രൂപീകരണത്തിന് കൊണ്ടുപിടിച്ച് ശ്രമം നടത്തും ബിജെപി. സർക്കാർ നിലനിർത്താൻ കോൺഗ്രസും. 

എംഎൽഎമാരെ ബിജെപിയും കോൺഗ്രസും പല ക്യാമ്പുകളിലേക്ക് മാറ്റുമ്പോൾ, കുതിരക്കച്ചവടത്തിനും റിസോർട്ട് രാഷ്ട്രീയത്തിനും വീണ്ടും കളമൊരുങ്ങുകയാണ് മധ്യപ്രദേശിൽ. ബെംഗളുരുവിലെ യെലഹങ്കയിൽ സിന്ധ്യ ക്യാമ്പിലെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി. വീഴ്ച ആസന്നമാണെങ്കിലും, മധ്യപ്രദേശിൽ സർക്കാർ എന്ന് വീഴും എന്നതാണ് ഇനി ചോദ്യം. കർണാടകത്തിലേത് പോലെ നാടകം നീണ്ടുപോകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക