Asianet News MalayalamAsianet News Malayalam

'സച്ചിന്‍ പൈലറ്റ് മാറ്റിനിര്‍ത്തപ്പെട്ടു'; രാജസ്ഥാന്‍ വിഷയത്തില്‍ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ

രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പിന്തുണയുമായി സിന്ധ്യ എത്തിയതെന്ന് ശ്രദ്ധേയം.
 

Jyotiraditya Scindia backs Sachin pilot
Author
New Delhi, First Published Jul 12, 2020, 8:50 PM IST

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ വിവാദത്തില്‍ അഭിപ്രായവുമായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ ജ്യോതിരാദിത്യ സിന്ധ്യ. തന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ സച്ചിന്‍ പൈലറ്റിനെ അശോക് ഗെഹ്ലോട്ട് മാറ്റി നിര്‍ത്തുകയും ദ്രോഹിക്കുകയും ചെയ്‌തെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. കഴിവിനും കോണ്‍ഗ്രസില്‍ വിശ്വാസ്യതയില്ലെന്നും സിന്ധ്യ വ്യക്തമാക്കി. സച്ചിന്റെ പൈലറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും അദ്ദേഹ പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പിന്തുണയുമായി സിന്ധ്യ എത്തിയതെന്ന് ശ്രദ്ധേയം.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ താഴെയിറക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ബിജെപിയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ഗെഹ്ലോട്ടുമായുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാരും ദില്ലിയിലെത്തിയത്. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ട് സര്‍ക്കാറിനെ താഴെയിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സച്ചിന്‍ പൈലറ്റ് ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു. ഇന്ന് രാത്രിയാണ് യോഗം. തന്നെ അനുകൂലിക്കുന്ന മറ്റ് പാര്‍ട്ടി എംഎല്‍എമാരെയും ഗെഹ്ലോട്ട് യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 

Follow Us:
Download App:
  • android
  • ios