ദില്ലി: ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈലില്‍ നിന്ന് ബിജെപി ഒഴിവാക്കി കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യ. പ്രൊഫൈലില്‍ നിന്ന് ബിജെപി ഒഴിവാക്കിയ നടപടി അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. അതേസമയം, പ്രൊഫൈലില്‍ നിന്ന് ബിജെപി ഒഴിവാക്കിയ നടപടി വിവാദമാക്കുന്നത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന് സിന്ധ്യയുടെ അനുയായികള്‍ ആരോപിച്ചു. 

'ട്വിറ്ററിലെ വിവരങ്ങള്‍ സിന്ധ്യ മാറ്റിയിട്ടില്ലെന്നും ഗൂഢാലോചന ഉയര്‍ത്തി കോണ്‍ഗ്രസ് യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് വഴിതിരിച്ചുവിടുകയാണെന്ന് സിന്ധ്യയുടെ അനുയായി പങ്കജ് ചതുര്‍വേദി പറഞ്ഞു. 2019ല്‍ സിന്ധ്യ പ്രൊഫൈല്‍ വിവരത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി പബ്ലിക് സെര്‍വന്റ്, ക്രിക്കറ്റ് എന്‍തൂസിയാസ്റ്റ് എന്നാക്കി മാറ്റിയിരുന്നു. അതിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുകയാണെന്ന് അഭ്യൂഹമുയര്‍ന്നത്. 2020 മാര്‍ച്ചില്‍ സിന്ധ്യ പാര്‍ട്ടി വിടുകയും ചെയ്തു. 

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ സിന്ധ്യക്ക് അര്‍ഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അനുയായികള്‍ക്കുള്ളില്‍ മുറുമുറുപ്പുണ്ട്.  ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭാ വികസനം നീളുകയാണ്. അദ്ദേഹത്തിന്റെ കൂടെ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ മറ്റ് എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. രാഷ്ട്രീയ മറുകണ്ടം ചാടുന്ന സിന്ധ്യക്ക് കോണ്‍ഗ്രസില്‍ ഇപ്പോള്‍ യാതൊരു സ്വാധീനവുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് കെ കെ മിശ്ര വ്യക്തമാക്കി. സിന്ധ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് സമയം കളയില്ലെന്നും ട്വിറ്ററിര്‍ പ്രൊഫൈലില്‍ മേം ഭീ ചൗക്കിദാര്‍ എന്ന ചേര്‍ത്തത് കോണ്‍ഗ്രസ് ഗൂഢാലോചനയായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.