ദില്ലി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജ സിന്ധ്യയ്ക്കും കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇരുവരെയും തിങ്കളാഴ്ച ദില്ലിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയും തൊണ്ടവേദനയുമാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ അനുഭവപ്പെട്ടത്.ദില്ലിയിലെ മാക്സ് ആശുപത്രിയിലാണ് ഇരുവരുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സെല്‍ഫ് ക്വാറന്‍റൈനില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സിന്ധ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ജ്യോതിരാജിത്യ സിന്ധ്യ രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. 

മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍, കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ, ബിജെപി വക്താവ് സംബീത് പത്ര എന്നിവരെ കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.