ദില്ലി: ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന് അനിവാര്യമായ തീരുമാനമാണിതെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ ചോദ്യങ്ങളുയരില്ലായിരുന്നെന്നും എന്തുതന്നെ ആയാലും ഇത് രാജ്യത്തിന്‍റെ നല്ലതിന് വേണ്ടി തന്നെയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. 

 

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിൻമേലും കൃത്യമായ നിലപാടില്ലാതെ കോൺഗ്രസ് ഉഴറുന്നതിനിടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് വരെ പലരും ആവശ്യപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. 

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് അധ്യക്ഷ പദവിയിലേക്ക്  കരുനീക്കം നടത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാട് ഒറ്റപ്പെട്ടതല്ല. മുതിർന്ന പല നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു ജനാർദ്ദൻ ദ്വിവേദി, ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡ എന്നിവർ തീരുമാനത്തെ അംഗീകരിച്ച് നേരത്തെ തന്നെ രംഗത്തെത്തി. ''370-ാം അനുച്ഛേദം ഭരണഘടനയിൽ വേണ്ടതില്ലെന്നാണ് എന്‍റെയും വ്യക്തിപരമായ അഭിപ്രായം. ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമാണ്. ഇതിലൂടെ യഥാർത്ഥത്തിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്'', ഹൂഡ ട്വിറ്ററിൽ കുറിച്ചു. 

അസമിൽ നിന്നുള്ള കോൺഗ്രസിന്‍റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത ഇന്നലെത്തന്നെ ബില്ലിനോടുള്ള പാർട്ടി നിലപാടാണ് രാജിക്കു കാരണം എന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ നിശ്ശബ്ദ നീക്കത്തിൻറെ സൂചനയായിരുന്നു. 

കശ്മീർ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുൻനിർത്തിയാണ് ഇന്നലെ കോൺഗ്രസ് രാജ്യസഭയിൽ പ്രതിരോധം നടത്തിയത്. ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.