സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം. വേഗത പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ഇവർ പറഞ്ഞു.

കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ട് വെച്ച അതിവേ​ഗ പാത കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ശ്രീധരന്റേത് യുക്തിഹീനമായ പദ്ധതിയാണ്. അതിവേഗ റെയിലുകൾ പോലെ ഉള്ള ആഡംബരങ്ങൾ അല്ല വേണ്ടത്. യാത്രക്കാർക്ക് ശ്വാസം മുട്ടാതെ യാത്ര ചെയ്യാൻ പറ്റുന്ന പൊതു റെയിൽ ഗതാഗതം മെച്ചപ്പെടുത്തണമെന്നും പാതകൾ കൂടുതൽ വേണമെന്നും സമിതി പറഞ്ഞു. സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം. വേഗത പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ഇവർ പറഞ്ഞു. സമിതി ജാഗ്രത സമിതിയായി തുടരും. സിൽവർ ലൈനിനു സമാനമായ പദ്ധതി എങ്കിൽ എതിർക്കുമെന്നും സമിതി അറിയിച്ചു. 

ഇ ശ്രീധരന്റെ അതിവേ​ഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാൻ സമിതിയെ നിയോ​ഗിച്ചതാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. പഠിച്ച ശേഷം മാത്രം തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇ ശ്രീധരൻറെ അതിവേഗ റെയിൽപാത പദ്ധതിയെ കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് വെച്ചത്. റെയിൽവെ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ. ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിൽ ഉളളത്. 

കെ റെയിലിനെ ശക്തമായി എതിർത്ത പരിസ്ഥിതി പ്രവർത്തകനായിരുന്നു ശ്രീധർ രാധാകൃഷ്ണൻ. പാരിസ്ഥിതിക ആഘാതം പഠിക്കാതെ ശ്രീധരൻറെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയിൽ വിരുദ്ധസമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ 15 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ അറിയിപ്പ്.