ബാ​ഗൽകോട്ട് എംഎൽഎയായ ഉമേഷ് മേട്ടിയുടെ അനന്തരവളാണ് ഡോ. അങ്കിത. സംസ്ഥാന സർക്കാരിന് കീഴിലുള്ള ബാ​ഗൽകോട്ടിലെ നമ്മ ക്ലിനിക്കിലെ മെഡിക്കൽ ഓഫീസറായിരുന്നു ഇവർ. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ അങ്കിത ക്ലിനിക്കിൽ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് കണ്ടെത്തൽ. ഇക്കാലയളവിൽ 70,000 രൂപ പ്രതിമാസ ശമ്പളം കൃത്യമായി കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

ബെം​ഗളൂരു: സർക്കാർ ക്ലിനിക്കിലെ ജോലിക്ക് ശമ്പളം വാങ്ങുകയും എന്നാൽ ജോലിക്ക് ഹാജരാകാതെ പിജി പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ക‍ർണാടകയിലെ കോൺ​ഗ്രസ് എംഎൽഎയായ ഉമേഷ് മേട്ടിയുടെ ബന്ധു കൂടിയായ ഡോ. അങ്കിത യാറ​ഗലിനെയാണ് മെഡിക്കൽ ഓഫീസറുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. ജോലിക്ക് ഹാജരാകാതെ മാസങ്ങളോളം ശമ്പളം കൈപ്പറ്റിയ ഡോ. അങ്കിത, ഈ സമയം സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തിവരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

ബാ​ഗൽകോട്ട് എംഎൽഎയായ ഉമേഷ് മേട്ടിയുടെ അനന്തരവളാണ് ഡോ. അങ്കിത. സംസ്ഥാന സർക്കാരിന് കീഴിലുള്ള ബാ​ഗൽകോട്ടിലെ നമ്മ ക്ലിനിക്കിലെ മെഡിക്കൽ ഓഫീസറായിരുന്നു ഇവർ. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ അങ്കിത ക്ലിനിക്കിൽ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഇക്കാലയളവിൽ 70,000 രൂപ പ്രതിമാസ ശമ്പളം കൃത്യമായി കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

നമ്മ ക്ലിനിക്കിൽ ഡോക്ടറുടെ സേവനം മുടങ്ങിയതോടെ ബാ​ഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് മെഡിക്കൽ ഓഫീസറായി ശമ്പളം വാങ്ങുന്ന ഡോക്ടർ, ഇതേസമയം തന്നെ സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തുന്നതായി കണ്ടെത്തിയത്.

അന്വേഷണം നടത്തുന്ന ജില്ലാ പഞ്ചായത്ത് സിഇഒയുടെ മുൻപാകെ ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഡോ. അങ്കിതയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇതിന് അനുമതി നൽകിയിട്ടും ഡോ. അങ്കിത ഹാജരായില്ല. ഇതോടെ സെപ്റ്റംബർ 18-ന് ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ തവണയും ഹാജരായിട്ടില്ലെങ്കിൽ അങ്കിതയുടെ വിശദീകരണം കേൾക്കാതെ സർവീസിൽനിന്ന് പുറത്താക്കുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. മാർച്ച് മുതൽ വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, മകൾക്കെതിരായ ആരോപണങ്ങൾ അങ്കിതയുടെ പിതാവും ജില്ലാ ആരോ​ഗ്യ ഓഫീസറുമായ ഡോ. രാജ്കുമാർ യാറ​ഗൽ നിഷേധിച്ചു. പിജി പഠനത്തിന് ചേർന്നശേഷം മകൾ സർക്കാർ ശമ്പളം വാങ്ങിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.